ശബരിമല സ്പോട് ബുക്കിങ് നിർത്തും; മണ്ഡല– മകരവിളക്ക് കാലത്ത് ഓൺലൈൻ ബുക്കിങ് മാത്രം
Mail This Article
തിരുവനന്തപുരം ∙ മണ്ഡല–മകരവിളക്കു കാലത്ത് ശബരിമലയിൽ ദർശനത്തിനു സ്പോട് ബുക്കിങ് വേണ്ടെന്നും ഓൺലൈൻ ബുക്കിങ് മതിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ദിവസം പരമാവധി 80,000 പേർക്കാകും വെർച്വൽ ക്യൂ വഴിയുള്ള ദർശനം. ഇവരെ മാത്രമേ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തിവിടൂ. 3 മാസം മുൻപേ ബുക്കിങ് തുടങ്ങും. അതേസമയം, മാസപൂജയ്ക്കു നട തുറക്കുമ്പോൾ വെർച്വൽ ക്യൂവിനൊപ്പം സ്പോട് ബുക്കിങ്ങും തുടരും.
സീസണിലെ അപ്രതീക്ഷിത തിരക്ക് പ്രതിസന്ധിയാകുന്നതിനാലാണു പുതിയ തീരുമാനമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. മണ്ഡലപൂജയ്ക്കും മകരവിളക്കിനും കൂടുതൽ ഭക്തരെത്തുമെന്നതിനാൽ ആ ദിവസങ്ങളിൽ കൂടുതൽ പേർക്കു ദർശന സൗകര്യം നൽകും.
ദിവസേന 70,000 പേരെ അനുവദിച്ചാൽ മതിയെന്നായിരുന്നു പൊലീസ് നിർദേശം. മുൻപ് ഒരു ലക്ഷത്തിലേറെപ്പേരെത്തിയ ദിവസങ്ങൾ വരെയുണ്ട്. മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടിവരികയും ചെയ്തു. സ്പോട് ബുക്കിങ് വഴിയും ഏറെപ്പേരെത്തിയതാണ് തിരക്കിനു കാരണമെന്ന വിലയിരുത്തലിലാണ് ഇതു വേണ്ടെന്നു തീരുമാനിച്ചത്. നിലവിൽ 10 ദിവസം മുൻപേയാണ് വെർച്വൽ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യം. ഇതാണ് 3 മാസം മുൻപേയാക്കുന്നത്. മാസപൂജ സമയത്തും 3 മാസം മുൻപ് ബുക്ക് ചെയ്യാം.