ആശ്രിത നിയമനം: പരിഗണിക്കാൻ 13 വയസ്സ് തികയണം
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സർവീസിലുള്ളവർ മരിക്കുന്ന സമയത്ത് 13 വയസ്സു തികയാത്ത ആശ്രിതർ ഉണ്ടെങ്കിൽ അവർക്കു നിയമനം നൽകേണ്ടതില്ലെന്ന വ്യവസ്ഥയുമായി സർക്കാർ. ഫലത്തിൽ ഉദ്യോഗസ്ഥരുടെ മരണസമയത്ത് 13 വയസ്സ് തികഞ്ഞ ആശ്രിതരുണ്ടെങ്കിൽ മാത്രമേ ആശ്രിത നിയമനത്തിന് അപേക്ഷിക്കാനാകൂ. ആശ്രിത നിയമനം സ്വീകരിച്ചില്ലെങ്കിൽ സമാശ്വാസ ധനസഹായം നൽകും.
ആശ്രിത നിയമനത്തിന്റെ ഘടന മാറ്റുന്നതിനു മുന്നോടിയായി ഇറക്കിയ കരട് ഉത്തരവിലാണ് ഈ വ്യവസ്ഥകൾ ഉള്ളത്. ഇതിനെ അടിസ്ഥാനമാക്കി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി 10നു ചർച്ച നടത്തും. 2023 ജനുവരി 10നു കരട് ഉത്തരവ് ഇറക്കിയിരുന്നു. ജീവനക്കാരൻ മരിച്ച് ഒരു വർഷത്തിനകം ആശ്രിതർ നിയമനം നേടിയിരിക്കണമെന്നും അല്ലെങ്കിൽ ധനസഹായമായി 10 ലക്ഷം സ്വീകരിക്കണമെന്നുമാണ് അന്നത്തെ ഉത്തരവിൽ ഉണ്ടായിരുന്നത്. സർവീസ് സംഘടനകളുടെ എതിർപ്പിനെ തുടർന്നു കരടു പിൻവലിച്ചിരുന്നു.
ഇപ്പോഴത്തെ കരട് അനുസരിച്ചു ജീവനക്കാരൻ മരിക്കുന്ന സമയത്ത് അർഹരായ ആശ്രിതർക്കു 13 വയസ്സു കഴിഞ്ഞിരിക്കണം. ഈ പ്രായത്തിനു താഴെയാണെങ്കിൽ സമാശ്വാസ ധനസഹായം നൽകും. ആശ്രിത നിയമനത്തിന് അർഹത ഉണ്ടെങ്കിലും അതു സ്വീകരിക്കാത്തവർക്കും ധനസഹായത്തിന് അപേക്ഷിക്കാം. ആശ്രിത നിയമനത്തിനും ധനസഹായത്തിനും കുടുംബ വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെ ആയിരിക്കണം. ധനസഹായമായി എത്ര തുക നൽകുമെന്നു പിന്നീടു തീരുമാനിക്കും.
കരട് ഉത്തരവിലെ മറ്റു വ്യവസ്ഥകൾ
∙ മരണമടഞ്ഞ ജീവനക്കാരൻ അവസാനം ജോലി ചെയ്ത സ്ഥാപന അധികാരിക്ക് ആശ്രിത നിയമനത്തിന് അപേക്ഷ നൽകണം.
∙ ന്യൂനതകൾ പരിഹരിച്ചു 15 ദിവസത്തിനകം അപേക്ഷ സർക്കാരിനു നൽകണം.
∙ ക്ലാസ് 3, 4, സാങ്കേതിക വിഭാഗം, യൂണിഫോം തസ്തികകൾ ഉൾപ്പെടെയുള്ള എൻട്രി കേഡറുകളിലായിരിക്കും ആശ്രിത നിയമനം.
∙ യൂണിഫോം തസ്തികകളിൽ വർഷം 10% ആശ്രിത നിയമനത്തിനു നീക്കി വയ്ക്കും.
∙ ആശ്രിതർക്കു പരമാവധി 5 തസ്തികകൾ വരെ തിരഞ്ഞെടുക്കാം.
∙ ഊഴത്തിന് അനുസരിച്ചു ലഭിക്കുന്ന തസ്തികയിൽ ആശ്രിതർ നിയമനം സ്വീകരിക്കണം.
∙ ഓരോ പത്താമത്തെ ഊഴവും 50 വയസ്സു കഴിഞ്ഞ ആശ്രിതർക്കു മാറ്റി വയ്ക്കും.