അനധികൃത നിയമന പരാതി: മെഡിക്കൽ സർവീസസ് കോർപറേഷനിൽ ജീവനക്കാരുടെ യോഗ്യത പരിശോധിക്കുന്നു

Mail This Article
കോഴിക്കോട് ∙ ചട്ടങ്ങൾ അട്ടിമറിച്ച് കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ (കെഎംഎസ്‌സിഎൽ) വ്യാപകമായി രാഷ്ട്രീയ നിയമനങ്ങൾ നടന്നുവെന്ന ആരോപണത്തിനു പിന്നാലെ സ്ഥാപനത്തിൽ കണക്കെടുപ്പ്. എല്ലാ ജീവനക്കാരും നിയമനം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ മാനേജിങ് ഡയറക്ടർ ഉത്തരവിട്ടു. ജനനത്തീയതി, വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, നിയമന ഉത്തരവിന്റെ പകർപ്പ് എന്നിവ 16ന് അകം എച്ച്ആർ വിഭാഗത്തിനു കൈമാറണമെന്നാണു നിർദേശം.
കോർപറേഷനിലെ 8 അസിസ്റ്റന്റുമാരുടെ നിയമനം അനധികൃതമായിരുന്നുവെന്ന വിജിലൻസ് നിരീക്ഷണം മറച്ചുവച്ചതു സംബന്ധിച്ച് അക്കൗണ്ടന്റ് ജനറലിന്റെ ചോദ്യങ്ങളുയർന്നതിനു പിന്നാലെയാണു പരിശോധന. നിയമനരീതിയും യോഗ്യതയും സംബന്ധിച്ചു വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നൽകാനും കോർപറേഷനു സാധിച്ചിട്ടില്ല. ഇതു കൂടി ലക്ഷ്യമിട്ടാണു ജീവനക്കാരുടെ വിവരശേഖരണം.
2008ൽ കെഎംഎസ്‌സിഎൽ രൂപീകൃതമായ ശേഷം ആയിരത്തിലേറെ പേരെ നിയമിച്ചതിൽ സംവരണമോ, പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള നിയമനച്ചട്ടങ്ങളോ പാലിച്ചിട്ടില്ലെന്നു കോർപറേഷൻ സമ്മതിച്ചിരുന്നു. കരാർ നിയമനങ്ങളിൽ 2019 മുതൽ മാത്രമേ സംവരണച്ചട്ടങ്ങൾ പാലിച്ചിട്ടുള്ളൂ എന്നാണു വിവരാവകാശ അപേക്ഷയിൽ കോർപറേഷൻ നൽകിയ മറുപടി. വിജ്ഞാപനം ചെയ്ത തസ്തികയിലേക്കു വേണ്ട യോഗ്യത പ്രകാരം നിയമിക്കപ്പെട്ട ജീവനക്കാരുടെ വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ 91 കരാർ ജീവനക്കാരുടെയും 34 ദിവസവേതനക്കാരുടെയും പട്ടിക മാത്രമാണു നൽകിയത്. ഇതിൽ പലരുടെയും നിയമന ഉത്തരവുകൾ പോലും നൽകിയിട്ടുമില്ല. ശേഷിക്കുന്ന ജീവനക്കാരുടെ പൂർണ വിവരങ്ങൾ ആവശ്യപ്പെട്ടുള്ള ചോദ്യങ്ങൾക്കു മറുപടി നൽകാൻ കൂടി വേണ്ടിയാണു കണക്കെടുപ്പ്.
മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ചില ജീവനക്കാർക്കു രാഷ്ട്രീയ പിൻബലം കൊണ്ടു മാത്രം സ്ഥാനക്കയറ്റവും ശമ്പള വർധനയും നൽകിയിട്ടുണ്ട്. ഡയറക്ടർ ബോർഡ് തന്നെ ഇക്കാര്യം കണ്ടെത്തി, സ്ഥാനക്കയറ്റം റദ്ദാക്കാനും ശമ്പളം തിരിച്ചുപിടിക്കാനും നിർദേശിച്ചിട്ടുണ്ടെങ്കിലും ഒരു നടപടിയും കോർപറേഷൻ സ്വീകരിച്ചിട്ടില്ല. നിയമസഭയിൽ ഉൾപ്പെടെ ഇതു സംബന്ധിച്ചു ചോദ്യങ്ങൾ വന്നെങ്കിലും മന്ത്രിയും വ്യക്തമായ മറുപടി നൽകിയിട്ടില്ല.
ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ കോർപറേഷൻ ഫയലുകളിൽ തന്നെ ലഭ്യമാണെന്നിരിക്കെ ഓരോരുത്തരോടും രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിരിക്കുന്നത് എന്തിനെന്നാണു ജീവനക്കാരുടെ ചോദ്യം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഈ രീതിയിലുള്ള വിവരശേഖരണമെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.