6.75 സെന്റ് തരംമാറ്റാൻ കാത്തിരിപ്പ്, വീട്ടമ്മയുടെ ‘ലൈഫ്’ ആശങ്കയിൽ

Mail This Article
മണ്ണാർക്കാട് (പാലക്കാട്) ∙ ഉദ്യോഗസ്ഥ, ഭൂമാഫിയ സംഘങ്ങളുടെ കൂട്ടുകെട്ടിൽ ഏക്കർ കണക്കിനു ഭൂമി ഞൊടിയിടയിൽ തരം മാറ്റുമ്പോൾ വീടു നിർമാണത്തിന് 6.75 സെന്റ് ഭൂമി തരം മാറ്റാൻ 7 മാസമായി ഓഫിസുകൾ കയറിയിറങ്ങുകയാണു കുമരംപുത്തൂർ അവണക്കുന്നിലെ പാത്തുമ്മ. കുമരംപുത്തൂർ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയിൽ മൂന്നാമത്തെയാളാണെങ്കിലും ഭൂമിയുടെ തരം മാറ്റി കെഎൽയു (കേരള ലാൻഡ് യൂട്ടിലൈസേഷൻ ഓർഡർ) കിട്ടാതെ വീടു പണിയാനാകില്ല.
ഏതു സമയത്തും ഇടിഞ്ഞു വീഴാവുന്ന വീട്ടിലാണു പാത്തുമ്മയും രോഗിയായ മകളും അന്തിയുറങ്ങുന്നത്. ചെങ്കല്ല് അടുക്കിവച്ച ചുമരുകൾ പലയിടത്തും വിണ്ടുകീറിയിട്ടുണ്ട്. പാത്തുമ്മയുടെ 6.75 സെന്റിനു ചുറ്റും വീടുകളാണ്. വീടിന്റെ താഴ്ഭാഗത്തു റബർ തോട്ടവുമുണ്ട്. എന്നാൽ, പാത്തുമ്മയുടെ ഭൂമി ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടതാണെന്നും പാടമാണെന്നും രേഖകളിൽ പറയുന്നു. ഇതിനെതിരെ പരാതി നൽകിയെങ്കിലും വില്ലേജ് ഓഫിസർ ഉൾപ്പെടെ രേഖകൾ പരിശോധിച്ച് ഒറ്റപ്പാലം സബ് കലക്ടറുടെ ഓഫിസിലേക്ക് അയച്ചിട്ടുണ്ടെന്നാണു മറുപടി. 7 മാസമായി അതുതന്നെ പറയുന്നു ഉദ്യോഗസ്ഥർ.
30 വർഷം മുൻപു ഭർത്താവു മരിച്ചു. രോഗിയായ മകൾക്കു മാസം 2500 രൂപയുടെ മരുന്നു വേണം. അരി റേഷൻകടയിൽ നിന്നു കിട്ടും. മറ്റു ചെലവുകൾക്കു തൊഴിലുറപ്പിൽ നിന്നു ലഭിക്കുന്ന വരുമാനമാണ് ആശ്രയം. വീടിന്റെ രേഖകൾക്കായി ഓഫിസുകൾ കയറിയിറങ്ങാൻ ബസ് കൂലി പോലും ആരെങ്കിലും നൽകിയിട്ടു വേണം. ഭൂമി തരംമാറ്റുന്ന ഏജന്റുമാർക്കു നൽകാനുള്ള പണം ഇവരുടെ പക്കലില്ല.