വരൾച്ചയിൽ കരിഞ്ഞ് അരലക്ഷം കർഷകർ

Mail This Article
തിരുവനന്തപുരം ∙ കടുത്ത വരൾച്ച ഇടിത്തീയായത് സംസ്ഥാനത്തെ അരലക്ഷത്തിലേറെ കർഷകർക്ക്. മുണ്ടകൻ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിലും ഉൽപാദനം ഹെക്ടറിന് 500 മുതൽ 1000 കിലോ വരെ കുറവ്.
കേരളത്തിൽ 100% വിളകളും നശിച്ച കൃഷിയിടങ്ങൾ അനേകമാണെന്നും വെയിലത്ത് കരിഞ്ഞുണങ്ങിയും സൂര്യാഘാതമേറ്റും പതിനായിരക്കണക്കിന് വാഴകൾ നിലംപൊത്തിയെന്നും കൃഷി വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും കൂടുതൽ കൃഷിനാശം റിപ്പോർട്ട് ചെയ്ത ഇടുക്കിയിൽ 30 ശതമാനത്തിലധികം ഏലം കൃഷിയെ വരൾച്ച ബാധിച്ചു. സൂര്യാഘാതം മൂലം വിളനാശം ഉണ്ടായത് ഓണം വിപണി ലക്ഷ്യമാക്കിയുള്ള വാഴക്കൃഷിക്കാണ്. പ്രാഥമിക കണക്ക് പ്രകാരം 2800 ഹെക്ടറിലധികം വാഴക്കൃഷി നശിച്ചു.
ചൂടുപിടിച്ച് മണ്ണ്
മഴയുടെ കുറവുമൂലം അന്തരീക്ഷത്തിലെയും മണ്ണിന്റെയും ചൂട് കൂടിയതാണ് വിളനാശത്തിനു കാരണമെന്നു റിപ്പോർട്ടിൽ പറയുന്നു.
മാർച്ച് ആദ്യം മുതൽ ഇൗ മാസം 12 വരെ സംസ്ഥാനത്ത് 53% മഴക്കുറവാണ് രേഖപ്പെടുത്തിയത്. സാധാരണ ഗതിയിൽ 209.2 മില്ലിമീറ്റർ വേനൽമഴ ലഭിക്കേണ്ട സ്ഥാനത്ത് ഈ വർഷം 99 മില്ലിമീറ്റർ മാത്രമേ ലഭിച്ചുള്ളൂ. ഇടുക്കി, കാസർകോട്, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എന്നീ ജില്ലകളിൽ 60 ശതമാനത്തിലധികം മഴ കുറഞ്ഞു.