വിദേശ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി 19ന് മടങ്ങിയെത്തും

Mail This Article
തിരുവനന്തപുരം/ദുബായ് ∙ വിദേശ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ 19ന് രാത്രി മടങ്ങിയെത്തും. ഇന്നലെ സിംഗപ്പൂരിൽനിന്ന് ഓൺലൈനായി മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും രാവിലെ ദുബായിൽ എത്തിയ ശേഷം അവിടെനിന്നാണു പങ്കെടുത്തത്.
19ന് ദുബായിൽ എത്തും വിധമാണ് നേരത്തെ യാത്ര തയാറാക്കിയിരുന്നത്. ഇന്തൊനീഷ്യ, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിലെ സന്ദർശനം പൂർത്തിയാക്കി 21ന് കേരളത്തിൽ മടങ്ങിയെത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ 19ന് നാട്ടിലേക്കു മടങ്ങുകയാണെന്ന് അദ്ദേഹം മന്ത്രിസഭാ യോഗത്തിൽ അറിയിച്ചു. ഈ മാസം ആറിനാണ് മുഖ്യമന്ത്രി കുടുംബസമേതം സ്വകാര്യ സന്ദർശനത്തിനു വിദേശത്തേക്ക് പോയത്. 20നും 22 നും ആണ് ഇനി മന്ത്രിസഭാ യോഗം ചേരുക.
ഭാര്യ കമല, മകൾ വീണ, മരുമകനും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ്, കൊച്ചുമകൻ ഇഷാൻ എന്നിവരും ദുബായിലുണ്ട്. ഗ്രാൻഡ് ഹയാത്തിലാണ് താമസം. ഔദ്യോഗിക കൂടിക്കാഴ്ചകളോ മറ്റു പരിപാടികളോ ഉണ്ടായില്ല. മന്ത്രി റിയാസ് ശനിയാഴ്ച പൊതുചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.