പുരപ്പുറ സോളർ: ‘നെറ്റ് മീറ്ററിങ് സംവിധാനത്തിൽ മാറ്റമില്ല’: നിലപാട് വ്യക്തമാക്കി റഗുലേറ്ററി കമ്മിഷൻ
Mail This Article
തിരുവനന്തപുരം ∙ ഗ്രിഡുമായി ബന്ധിപ്പിച്ച് പുരപ്പുറ സോളർ സ്ഥാപിച്ചവർക്കുള്ള നെറ്റ് മീറ്ററിങ് സംവിധാനത്തിൽ മാറ്റമില്ലെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. ഗ്രോസ് മീറ്ററിങ് ഏർപ്പെടുത്തുന്നത് ആലോചനയിലില്ല. കെഎസ്ഇബി ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും കമ്മിഷൻ ചെയർമാൻ ടി.കെ.ജോസ് പറഞ്ഞു. ഇതുസംബന്ധിച്ച റഗുലേഷൻ ഭേദഗതിയുടെ തെളിവെടുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
ഭാവിയിൽ മാറ്റത്തിനു ശുപാർശയുണ്ടായാൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് ഗുണഭോക്താക്കളുടെ അഭിപ്രായം കേട്ട ശേഷമേ തീരുമാനമെടുക്കൂ. ബാറ്ററിയിൽ വൈദ്യുതി സംഭരിക്കാനുള്ള സംവിധാനം കൂടി ഓൺഗ്രിഡ് സോളർ പ്ലാന്റിൽ ഏർപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് കമ്മിഷൻ കെഎസ്ഇബിയോടു നിർദേശിച്ചു.
കമ്മിഷൻ വ്യക്തത വരുത്തിയെങ്കിലും ഗ്രോസ് മീറ്ററിങ് സംബന്ധിച്ച് ആശങ്കയുണ്ടെന്ന് തെളിവെടുപ്പിന് എത്തിയവർ പറഞ്ഞു. പുരപ്പുറ സോളർ ഉപയോക്താക്കളോട് കെഎസ്ഇബി ശത്രുതാപരമായ സമീപനം പുലർത്തുന്നുവെന്ന വിമർശനമുയർന്നു.
ഇടപാടുകൾ സുതാര്യമാക്കണം: കെഎസ്ഇബിയോട് റഗുലേറ്ററി കമ്മിഷൻ
തിരുവനന്തപുരം ∙ സോളർ പ്ലാന്റിൽ അധികമായി ഉൽപാദിപ്പിച്ച് ഗ്രിഡിലൂടെ കൈമാറുന്ന വൈദ്യുതി എത്രത്തോളം ബാങ്കിങ്ങിൽ ബാക്കിയുണ്ടെന്ന് ഉപയോക്താക്കളെ വ്യക്തമായി അറിയിക്കാൻ കെഎസ്ഇബിക്കു ബാധ്യതയുണ്ടെന്ന് റഗുലേറ്ററി കമ്മിഷൻ. വാട്സാപ്, എസ്എംഎസ്, ഇമെയിൽ തുടങ്ങിയ സൗകര്യങ്ങൾ ഉള്ളപ്പോൾ വൈദ്യുതി ബില്ലിൽ എല്ലാ വിവരങ്ങളും സാധാരണക്കാർക്കു മനസ്സിലാകുന്ന വിധം നൽകാൻ സേവന മേഖലയിലെ സ്ഥാപനം എന്ന നിലയിൽ കെഎസ്ഇബിക്ക് ഉത്തരവാദിത്തമുണ്ട്.