ADVERTISEMENT

തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റ പട്ടിക കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (ക്യാറ്റ്) റദ്ദാക്കിയിട്ടും ഹൈക്കോടതി ഉത്തരവിന്റെ മറവിൽ അതു നടപ്പാക്കാൻ ശ്രമിച്ച പൊതുവിദ്യാഭ്യാസ വകുപ്പിനു വീണ്ടും തിരിച്ചടി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്.ഷാനവാസിനെതിരെ ക്യാറ്റ് കോടതിയലക്ഷ്യ നടപടി ആരംഭിച്ചതോടെ കഴിഞ്ഞ 4ന് ഇറക്കിയ സർക്കുലർ പിൻവലിക്കുമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

ഓൺലൈനായാണ് ഷാനവാസ് ഹാജരായത്. കേസ് 21ന് പരിഗണിക്കാനായി മാറ്റി. കഴിഞ്ഞ ഒക്ടോബറിൽ ക്യാറ്റ് പുറപ്പെടുവിച്ച വിധിക്കു വിരുദ്ധമായി സ്ഥലംമാറ്റ പട്ടിക തയാറാക്കിയതിന് മറ്റൊരു കോടതിയലക്ഷ്യ നടപടിയും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കെതിരെയുണ്ട്. അതും 21ന് പരിഗണിക്കും.

ഇതര ജില്ലകളിൽ ജോലി ചെയ്യുന്നവർക്ക് ചട്ടപ്രകാരം വെയ്റ്റേജ് നൽകി സ്ഥലംമാറ്റ പട്ടിക തയാറാക്കണമെന്നായിരുന്നു ഒക്ടോബറിലെ വിധി. എന്നാൽ ഇതിനു വിരുദ്ധമായ പട്ടിക പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയതോടെയാണ് ഒരുകൂട്ടം അധ്യാപകർ ക്യാറ്റിനെ സമീപിച്ചത്. പട്ടിക സ്റ്റേ ചെയ്തതോടെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ മാസം 12ന് ക്യാറ്റ് പട്ടിക റദ്ദാക്കുകയും ചെയ്തു.

ചട്ടപ്രകാരമുള്ള പുതിയ പട്ടികയുടെ കരട് ഒരു മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കാനും അതിലുള്ള പരാതികൾ പരിഗണിച്ചുള്ള അന്തിമ പട്ടികയുടെ അടിസ്ഥാനത്തിൽ പുതിയ അധ്യയന വർഷം ആരംഭിക്കും മുൻപേ സ്ഥലംമാറ്റം നടപ്പാക്കാനുമാണ് ഉത്തരവിട്ടത്. എന്നാൽ, ഈ ഉത്തരവ് വരും മുൻപേ പട്ടിക അനുസരിച്ച് പുതിയ സ്കൂളിൽ ജോലിക്കു ചേർന്ന ഏതാനും അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചു.

ജൂൺ 3ന് കേസ് വീണ്ടും പരിഗണിക്കും വരെ ഇവരുടെ കാര്യത്തിൽ മറ്റു നടപടികൾ പാടില്ലെന്നായിരുന്നു ഉത്തരവ്. എന്നാൽ ഇതു മറയാക്കി, ജോലി ചെയ്യുന്ന സ്കൂളുകളിൽ നിന്നു വിടുതൽ വാങ്ങിയവരെല്ലാം പുതിയ സ്കൂളുകളിൽ ജോലിയിൽ പ്രവേശിക്കണമെന്ന് കഴിഞ്ഞ നാലിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കി. സ്കൂളുകൾ തുറക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ ക്യാറ്റിന്റെ ഉത്തരവ് അനുസരിച്ച് സ്ഥലംമാറ്റം നടപ്പാക്കാൻ അതിവേഗ നടപടികൾ വേണ്ടിവരും.

English Summary:

Higher secondary teacher transfer circular will be withdrawn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com