ADVERTISEMENT

തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിവാദ സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ പിൻവലിച്ചു. ഫെബ്രുവരിയിൽ ഇറക്കിയ സ്ഥലംമാറ്റ പട്ടികപ്രകാരം സ്കൂളിൽനിന്നു വിടുതൽ ചെയ്തവരെല്ലാം പുതിയ സ്കൂളിൽ ജോലിക്കു പ്രവേശിക്കണമെന്നു നിർദേശിച്ച് ഈ മാസം നാലിന് ഇറക്കിയ സർക്കുലറാണ് പിൻവലിച്ചത്.

ഫെബ്രുവരിയിലെ സ്ഥലംമാറ്റപ്പട്ടിക ചട്ടവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നും പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (ക്യാറ്റ്) കഴിഞ്ഞമാസം 12ന് ഉത്തരവിട്ടിരുന്നു. എന്നാൽ, അതിനകം പുതിയ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചിരുന്ന അധ്യാപകർ ഹൈക്കോടതിയിൽനിന്നു താൽക്കാലിക സ്റ്റേ ഉത്തരവ് നേടി. ഇതു മറയാക്കിയാണ് മറ്റുള്ളവരും പുതിയ സ്കൂളുകളിൽ ജോലിയിൽ പ്രവേശിക്കണമെന്ന വിവാദ സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയത്. ഇതിനെതിരെ ക്യാറ്റ് കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചതോടെ സർക്കുലർ പിൻവലിക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കോടതിയെ അറിയിച്ചു. അതനുസരിച്ചാണ് ഇപ്പോഴത്തെ നടപടി.

സർക്കുലർ അനുസരിച്ച് പുതിയ സ്കൂളുകളിൽ ജോലിയിൽ പ്രവേശിച്ചവർ എന്തു ചെയ്യണമെന്നു വകുപ്പ് വ്യക്തത വരുത്തിയിട്ടില്ല. പുതിയ സ്ഥലംമാറ്റപ്പട്ടികയ്ക്കുള്ള നടപടികളും ആരംഭിച്ചിട്ടില്ല. ഇതിനിടെ, ഒരാഴ്ചത്തേക്കുതൽസ്ഥിതി തുടരാൻ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതി നിർദേശിച്ചു. ഹർജികൾ 22നു വീണ്ടും പരിഗണിക്കുമെന്നും ജസ്റ്റിസുമാരായ സതീഷ് നൈനാൻ, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ച് അറിയിച്ചു.

8007 അധ്യാപകരിൽ 7618 പേരും ചേർന്നുകഴിഞ്ഞു

ഫെബ്രുവരിയിലെ സ്ഥലംമാറ്റപ്പട്ടിക അനുസരിച്ചു തന്നെ ഭൂരിഭാഗം സ്ഥലംമാറ്റങ്ങളും നടന്നുകഴിഞ്ഞതായി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സമ്മതിച്ചു. 8007 പേരുടെ പട്ടികയിൽ 7618 പേരും പുതിയ സ്കൂളുകളിൽ ജോലിയിൽ പ്രവേശിച്ചെന്നും 389 അധ്യാപകർ മാത്രമാണ് ബാക്കിയുള്ളതെന്നും മന്ത്രി അറിയിച്ചു. പട്ടിക റദ്ദാക്കിയ ക്യാറ്റ് ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചതായും വ്യക്തമാക്കി. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ട്രൈബ്യൂണൽ ചൂണ്ടിക്കാണിച്ച മാനദണ്ഡങ്ങൾപ്രകാരമുള്ള തുടർനടപടികൾ കോടതി വിധിക്ക് അനുസൃതമായി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

Controversial circular regarding Higher Secondary transfer withdrawn

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com