കുറ്റാലത്ത് മലവെള്ളപ്പാച്ചിൽ; പ്ലസ് വൺ വിദ്യാർഥി മരിച്ചു
Mail This Article
തെങ്കാശി ∙ വിനോദസഞ്ചാര കേന്ദ്രമായ കുറ്റാലം വെള്ളച്ചാട്ടത്തിനു സമീപത്തെ പഴയ വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടു പ്ലസ് വൺ വിദ്യാർഥി മരിച്ചു. തിരുനൽവേലി എൻജിഒ കോളനിയിൽ കുമാറിന്റെ മകൻ അശ്വിൻ (17) ആണു മരിച്ചത്. ഒഴുക്കിൽപ്പെട്ട 3 പേരെ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്കു രണ്ടരയ്ക്കാണു സംഭവം. വെള്ളം കുറവായ ഇവിടെ അൻപതോളം പേർ കുളിച്ചുകൊണ്ടിരിക്കുമ്പോൾ മലവെള്ളം ഇരച്ചെത്തുകയായിരുന്നു.
വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലെ കൽപ്പടവുകളിലൂടെ വെള്ളം കുതിച്ചൊഴുകി. ചിലർക്ക് ഓടിമാറാനായി. ഒഴുക്കിൽപ്പെട്ട മറ്റുള്ളവരെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും അശ്വിനെ രക്ഷിക്കാനായില്ല. മൃതദേഹം 3 മണിക്കൂറുകൾക്കു ശേഷം 500 മീറ്റർ അകലെ പാറക്കെട്ടുകൾക്കിടയിൽ നിന്ന് അഗ്നിരക്ഷാസേനയാണു കണ്ടെത്തിയത്.
ബന്ധുക്കൾക്കൊപ്പം മേലെവാരത്തെ ബന്ധുവീട്ടിലെത്തിയതായിരുന്നു അശ്വിൻ. ഉച്ചയ്ക്കു ശേഷമാണു വെള്ളച്ചാട്ടം കാണാനെത്തിയത്. അപകടത്തെത്തുടർന്നു കുറ്റാലം വെള്ളച്ചാട്ടങ്ങളിൽ കുളിക്കുന്നതു പൊലീസ് വിലക്കി. അതിർത്തിയായ ആര്യങ്കാവ് രാജാകൂപ്പ് മലനിരകളിൽ പെയ്ത മഴയെത്തുടർന്നു കൈത്തോടുകളിൽ ഉണ്ടായ മലവെള്ളപ്പാച്ചിലാണു സംഭവത്തിനു കാരണമെന്നാണു നിഗമനം. ഒഴുക്കിൽപ്പെട്ടവരെ രക്ഷപ്പെടുത്താൻ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതു തിരിച്ചടിയായി. തെങ്കാശി എസ്പി സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി.
നീലഗിരി യാത്ര ഒഴിവാക്കാൻ നിർദേശം
ഊട്ടി ∙ ഇന്നു മുതൽ 3 ദിവസത്തേക്കു നീലഗിരിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ സഞ്ചാരികളുടെ വരവു പരമാവധി ഒഴിവാക്കണമെന്നു ജില്ലാ കലക്ടർ എം.അരുണ നിർദേശിച്ചു. ഊട്ടിയിൽ പുഷ്പമേള, റോസ് ഷോ തുടങ്ങിയവ നടക്കുന്ന സാഹചര്യത്തിൽ സഞ്ചാരികളുടെ തിരക്കു തുടരുന്നതിനാലാണു നിർദേശം. അടിയന്തിര സാഹചര്യങ്ങളിൽ പൊലീസ്, അഗ്നിരക്ഷാസേന, റവന്യു വകുപ്പുകളുടെ സഹായം ലഭ്യമാക്കും.