തദ്ദേശ വാർഡ് വിഭജനം ഒരു വർഷത്തിനകം
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ അതിർത്തി പുനർനിർണയിക്കാനും വാർഡുകളുടെ എണ്ണം വർധിപ്പിക്കാനും രണ്ട് ഓർഡിനൻസുകൾ കൊണ്ടുവരാൻ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 1994ലെ കേരള പഞ്ചായത്തിരാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനാണ് രണ്ട് ഓർഡിനൻസുകൾ.
ഓരോ തദ്ദേശ സ്ഥാപനത്തിലും 2011ലെ ജനസംഖ്യാനുപാതികമായി വാർഡുകളും അതിർത്തികളും പുനർനിർണയിക്കും. 2021ൽ സെൻസസ് നടക്കാത്തതിനാലാണ് 2011ലെ ജനസംഖ്യ അടിസ്ഥാനമാക്കുന്നത്. 4 മുതൽ 6 വരെ മാസം കൊണ്ടു നടപടികൾ പൂർത്തിയാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉണ്ടായ ധാരണ. പൊതുതിരഞ്ഞെടുപ്പ് നടത്തി 2025 ഡിസംബറിൽ പുതിയ തദ്ദേശ ജനപ്രതിനിധികൾ അധികാരമേൽക്കുന്നത് പുതിയ വാർഡുകളുടെ അടിസ്ഥാനത്തിലാകും.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ 13 മുതൽ 23 വരെ വാർഡുകൾ ഉള്ളത് ഓർഡിനൻസുകൾ വരുന്നതോടെ 14 മുതൽ 24 വരെ ആകും. ജില്ലാ പഞ്ചായത്തുകളിൽ 16 മുതൽ 32 വരെ ഡിവിഷനുകൾ എന്നത് 17 മുതൽ 33 വരെ ആകും. നഗരസഭകളിൽ 25 മുതൽ 52 വരെ വാർഡുകൾ എന്നത് 26 മുതൽ 53 വരെ ആകും. കോർപറേഷനുകളിൽ 55 മുതൽ 100 വരെ എന്നത് 56 മുതൽ 101 ആയി മാറും. സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിലായി 15,962 വാർഡുകളും 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 2080 ഡിവിഷനുകളുമാണ് നിലവിലുള്ളത്. 87 നഗരസഭകളിൽ 3113, ആറു കോർപറേഷനുകളിൽ 414 എന്നിങ്ങനെയാണു വാർഡുകളുടെ എണ്ണം.
ഓർഡിനൻസ് ഗവർണർ ഒപ്പിട്ടു വിജ്ഞാപനം ചെയ്യുന്ന മുറയ്ക്ക്, വാർഡുകൾ പുനർനിർണയിക്കാനായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ അധ്യക്ഷനായും സെക്രട്ടറി റാങ്കിലുള്ള 4 ഐഎഎസ് ഉദ്യോഗസ്ഥർ അംഗങ്ങളായും ഡീലിമിറ്റേഷൻ കമ്മിഷനെ സർക്കാർ നിയമിക്കും. പിന്നീട് കമ്മിഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് വാർഡ് വിഭജന നടപടികൾ ആരംഭിക്കും. വനിത, പട്ടികജാതി, പട്ടികവർഗം, പട്ടികജാതി വനിത, പട്ടികവർഗ വനിത എന്നിങ്ങനെ സംവരണ വാർഡുകളുടെ എണ്ണം സർക്കാർ മുൻകൂട്ടി നിശ്ചയിച്ചു കമ്മിഷനു നൽകും.