ADVERTISEMENT

തിരുവനന്തപുരം∙ കേരള വനം വികസന കോർപറേഷന്റെ (കെഎഫ്ഡിസി) തോട്ടങ്ങളിൽ ഒരു വർഷത്തേക്ക് യൂക്കാലി മരങ്ങൾ നടാനുള്ള ഉത്തരവ് റദ്ദാക്കി വനം വകുപ്പ് ഉത്തരവിറക്കി. തിങ്കളാഴ്ചയാണ് വനം അഡിഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉത്തരവിൽ ഒപ്പിട്ടത്. ഇന്നലെ അതു പുറത്തിറങ്ങി. കേന്ദ്ര സർക്കാർ അനുമതി നൽകിയ കെഎഫ്ഡിസിയുടെ മാനേജ്മെന്റ് പ്ലാനിലെ ഭേദഗതി നിർദേശ പ്രകാരം യൂക്കാലി മരങ്ങൾ മുറിച്ചു നീക്കുന്നതിനുള്ള അനുമതി മാത്രം നൽകി ഉത്തരവ് ഭേദഗതി ചെയ്യുന്നു എന്നാണ് പുതിയ ഉത്തരവിലെ പരാമർശം. തോട്ടങ്ങളിൽ യൂക്കാലി മരങ്ങൾ നടണ‍മെന്നായിരുന്നു ഈ മാസം ഏഴിന് പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞത്.

സർക്കാർ നയത്തിനു വിരുദ്ധമായി യൂക്കാലി മരങ്ങൾ നടാനുള്ള അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കെഎഫ്ഡിസി എംഡി ജോർജി പി.മാത്തച്ചൻ നേരിട്ട് കത്തെഴുതി എന്നാണ് പ്രധാന ആരോപണം. യഥാസമയം വനം വകുപ്പ് ആസ്ഥാനത്ത് ഇദ്ദേഹം വിവരങ്ങൾ കൈമാറിയില്ലെന്നും പരാതിയുണ്ട്. നടപടിയെടുക്കാതിരിക്കാൻ എംഡിയോട് വിശദീകരണം തേടാനും വനം വകുപ്പ് തീരുമാനിച്ചു. രണ്ടു ദിവസത്തിനകം എംഡിക്ക് കത്തു നൽകും. അവധിയിലായ വനം അഡിഷനൽ ചീഫ് സെക്രട്ടറി നാളെ തിരിച്ചെത്തിയ ശേഷമാകും കത്തയയ്ക്കുക. എംഡിയുടെ വിശദീകരണം ലഭിച്ച ശേഷമാകും തുടർനടപടി.

ഈ വിഷയം ചർച്ച ചെയ്യാൻ കെഎഫ്ഡിസി ഡയറക്ടർ ബോർഡ് യോഗം 29ന് തലസ്ഥാനത്ത് ചേരും. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ, നിലനിൽപിനെ ബാധിക്കുന്ന വിഷയമാണെന്നു കരുതിയാണ് യൂക്കാലി മരങ്ങൾ നടാൻ അനുമതി തേടിയതെന്നാണ് എംഡിയുടെ വാദം.

യൂക്കാലി മരം നശിപ്പിക്കാൻ സർക്കാർ മുടക്കിയത് 40 ലക്ഷം; നശിപ്പിച്ചതും നടാൻ പോകുന്നതും പെരിയാർ വന്യജീവി സങ്കേതത്തിൽ 

തൊടുപുഴ ∙ പെരിയാർ വന്യജീവിസങ്കേതത്തിലെ യൂക്കാലിപ്റ്റസ് മരങ്ങൾ നശിപ്പിക്കാൻ 2020–2022ൽ വനംവകുപ്പ് ചെലവിട്ടത് 39.97 ലക്ഷം രൂപ. മരത്തിന്റെ തൊലി ചെത്തി നശിപ്പിക്കാനാണു വനംവകുപ്പ് തുക ചെലവിട്ടത്. പെരിയാർ വന്യജീവിസങ്കേതത്തിൽ വനം വികസന കോർപറേഷന്റെ (കെഎഫ്ഡിസി) സ്ഥലത്ത് യൂക്കാലിപ്റ്റസ് നടാനിരിക്കുമ്പോഴാണു ലക്ഷക്കണക്കിനു രൂപ ചെലവാക്കി വനംവകുപ്പ് സങ്കേതത്തിലെ മരങ്ങൾ നശിപ്പിച്ച വിവരം പുറത്തുവന്നത്. ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണിക്കു ലഭിച്ച വിവരാവകാശ രേഖയിലാണു കണക്കുകളുള്ളത്. 

2020–2021ൽ 14.96 ലക്ഷം രൂപ ചെലവിട്ടു. 1966ൽ നട്ട വള്ളക്കടവ് യൂക്കാലി പ്ലാന്റേഷൻ, 1988ലും 1989ലുമായി നട്ട സർക്കുലർ റോഡ് പ്ലാന്റേഷൻ, 1990ൽ നട്ട ഡാം സൈറ്റ് പ്ലാന്റേഷൻ എന്നിവയിൽ തൊലി ചെത്തൽ നടന്നു. 2021–2022ൽ 25.01 ലക്ഷം രൂപ ചെലവിട്ടു. 1963ൽ നട്ട കോഴിക്കാനം യൂക്കാലി പ്ലാന്റേഷൻ, 1975ൽ നട്ട വള്ളക്കടവ് ബ്രാൻഡിപാറ പ്ലാന്റേഷൻ, തേക്കടി മുല്ലയാർ പ്ലാന്റേഷൻ എന്നിവയിലാണു ജോലി നടന്നത്.

English Summary:

Forest Department has issued an order canceling the order to plant Eucalyptus trees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com