സ്കൂൾ അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റം: എണ്ണം കൂട്ടി

Mail This Article
തിരുവനന്തപുരം ∙ സർക്കാർ സ്കൂളുകളിൽ ജില്ലാതലത്തിൽ ഓരോ വർഷവുമുണ്ടാകുന്ന അധ്യാപക ഒഴിവുകളിൽ അന്തർജില്ലാ സ്ഥലംമാറ്റം വഴി നികത്താവുന്നവയുടെ അനുപാതം വർധിപ്പിച്ചു. എൽപി, യുപി സ്കൂൾ അധ്യാപകർക്ക് 20 ശതമാനമായും ഹൈസ്കൂൾ അധ്യാപകർക്ക് 15 ശതമാനവുമായാണ് ഉയർത്തിയത്. നിലവിൽ ഇത് എല്ലാ വിഭാഗത്തിലും 10% ആയിരുന്നു.
എറണാകുളം ജില്ലയിൽ ഇത്തവണ ഒരു വിഭാഗത്തിലും അന്തർ ജില്ലാ സ്ഥലംമാറ്റത്തിന് ഒരു ഒഴിവും ഇല്ല. ഈ സാഹചര്യത്തിൽ എൽപി–യുപി വിഭാഗത്തിൽ 30 ശതമാനവും ഹൈസ്കൂളിൽ 25 ശതമാനവും അന്തർജില്ലാ സ്ഥലംമാറ്റത്തിനായി നീക്കിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം അധ്യാപകർ സർക്കാരിന് നിവേദനം നൽകിയിരുന്നു. അധ്യാപകരുടെ ആശങ്ക ശരിവച്ചുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ എല്ലാ ജില്ലകളിലും എല്ലാ തസ്തികകളിലേക്കും ആവശ്യത്തിന് അപേക്ഷകരുണ്ടെന്നും വ്യക്തമാക്കി.
പിഎസ്സി വഴിയുള്ള നിയമനത്തിന് ആകെ ലഭിക്കുന്ന തസ്തികകളുടെ എണ്ണത്തിൽ കുറവ് വരാത്ത വിധത്തിൽ അന്തർജില്ലാ സ്ഥലംമാറ്റ അനുപാതം വർധിപ്പിക്കാമെന്നായിരുന്നു അവരുടെ നിലപാട്.