മദ്യനയം: പുറത്ത് ‘സ്മോൾ’, അകത്ത് ‘ലാർജ്’; വിവാദത്തിൽ സിപിഎം

Mail This Article
തിരുവനന്തപുരം∙ മദ്യനയ രൂപീകരണത്തിനു പിന്നിൽ അഴിമതിക്കു നീക്കം നടന്നെന്ന ആക്ഷേപത്തിന് പുറമേ സിപിഎം ഗൗരവം കൊടുക്കുന്നില്ലെങ്കിലും അകത്ത് അതല്ല സ്ഥിതി. മദ്യനയ അഴിമതിക്കേസിൽ ഡൽഹി ഭരണകൂടം തന്നെ ആടിയുലഞ്ഞ വർത്തമാനകാല ചിത്രം പാർട്ടിക്കു മുന്നിലുണ്ട്.
മദ്യവർജനമാണ് പാർട്ടിയുടെയും മുന്നണിയുടെയും നയമെങ്കിലും പ്രയോഗത്തിൽ വിപരീതമാണെന്ന ആക്ഷേപം ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു മുതൽ സിപിഎം നേരിടുന്നു. ഉമ്മൻ ചാണ്ടി സർക്കാർ പൂട്ടിയ ബാറുകൾ തുറന്നു കൊടുത്തതു മുതൽ അതു പ്രകടം. മദ്യത്തിന്റെ കാര്യത്തിൽ കടുംപിടിത്തം സർക്കാരിന്റെ നയമല്ല.
മദ്യനയം പ്രഖ്യാപിക്കാനിരിക്കെ കൂടുതൽ ഇളവുകൾക്കും ആനുകൂല്യങ്ങൾക്കു വേണ്ടിയുള്ള കളമൊരുക്കലാണോ നടക്കുന്നതെന്ന ചോദ്യം അതുകൊണ്ടു കൂടിയാണ് ഉയരുന്നത്. വ്യക്തിപരമായി തനിക്കൊന്നും ഒളിക്കാനില്ല എന്നതു കൊണ്ടു തന്നെ ഉയർന്നുവന്ന ആരോപണത്തിൽ അന്വേഷണത്തിന് മുൻകൈ എടുക്കാൻ മന്ത്രി എം.ബി.രാജേഷ് സന്നദ്ധനായി. മുൻമന്ത്രി കൂടിയായ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നലത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ എക്സൈസ് വകുപ്പിനെ ശക്തമായി ന്യായീകരിക്കുകയും ചെയ്തു. മന്ത്രി രാജേഷ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമല്ല.
സർക്കാർ ഖജനാവിനു തന്നെ പ്രധാന താങ്ങാകുന്ന മദ്യവിൽപനയെ കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യമാണ് ധന–ടൂറിസം വകുപ്പുകൾക്ക് ഉള്ളത്. ഒന്നാം തീയതി മദ്യമുക്തമാക്കുന്നതിലുള്ള ടൂറിസം വകുപ്പിന്റെ എതിർപ്പ് പരസ്യമായ രഹസ്യവുമാണ്. ഇതടക്കം മദ്യ ലഭ്യത കൂട്ടുന്ന കാര്യങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന വാർത്ത പ്രചരിക്കുന്നതു കൂടി കണക്കിലെടുക്കുമ്പോഴാണ് ബാറുടമാ സംഘടനാ നേതാവിന്റെ ശബ്ദരേഖയിലെ കാര്യങ്ങളുടെ പ്രസക്തി.
യുഡിഎഫിന്റെ കാലത്ത് ഈ വിവാദം സൃഷ്ടിച്ച ബിജു രമേശ് താൻ തന്നെ പണം കൈമാറിയെന്നാണ് അവകാശപ്പെട്ടത്. എന്നാൽ ഇവിടെ പണസമാഹരണത്തിനായി നീക്കം തുടങ്ങിയെന്ന സംശയമാണ് ഉയരുന്നത്. ഈ സംഘടനയുടെ സംസ്ഥാന ഭാരവാഹികളിൽ ഒരാളായ ബിനോയ് ജോസഫ് എൽഡിഎഫിന്റെ യോഗങ്ങളിൽ കേരള കോൺഗ്രസ്–സ്കറിയ തോമസ് വിഭാഗത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന നേതാവാണ് എന്നതും ശ്രദ്ധേയമാണ്.