മുല്ലശേരി അവയവ വിൽപന: ഏജന്റുമായി ബന്ധമുണ്ടെന്നും പണം ലഭിച്ചെന്നുമുള്ള മൊഴികൾ തിരുത്തി ഇരകൾ
Mail This Article
തൃശൂർ ∙ മുല്ലശേരിയിലെ അവയവ കൈമാറ്റ വിവാദത്തിൽ മുൻപു പൊലീസിനു നൽകിയ മൊഴികൾ ഇരകൾ തിരുത്തി. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരം പാവറട്ടി സബ് ഇൻസ്പെക്ടർ 5 മാസം മുൻപു മൊഴിയെടുത്തപ്പോൾ ഇരകളിൽ 2 പേർ ഏജന്റുമായി ബന്ധമുണ്ടെന്നു വിവരം നൽകിയിരുന്നു. ഏജന്റിന്റെ പേരും മൊഴിയിൽ പരാമർശിച്ചിരുന്നു. ഇതുപ്രകാരമാണ് അന്നു പൊലീസ് സംഘം ഏജന്റിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. എന്നാൽ, കമ്മിഷണറുടെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം നാലംഗ പൊലീസ് സംഘം ഇരകളിൽ 3 പേരുടെ മൊഴിയെടുത്തെങ്കിലും ഏജന്റുമായി ബന്ധമില്ലെന്നാണിവർ മൊഴി നൽകിയത്.
മുല്ലശേരിയിൽ സ്ത്രീകളടക്കം മുപ്പതോളം പേർ അവയവദാനം നടത്തിയ സംഭവം വിവാദമായതോടെയാണു കമ്മിഷണർ നിയോഗിച്ച പൊലീസ് സംഘം പരിശോധന തുടങ്ങിയത്. ഇരകളിലൊരാൾ മാധ്യമങ്ങൾക്കു മുന്നിൽ ആദ്യം നടത്തിയ പ്രതികരണത്തിൽ 5 ലക്ഷം രൂപ പ്രതിഫലം ലഭിച്ചിരുന്നെന്നും മുല്ലശേരി സ്വദേശിയായ ഒരു ഏജന്റാണു വൃക്കദാനത്തിനു പ്രേരിപ്പിച്ചതെന്നും വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ പൊലീസ് എത്തി മൊഴിയെടുത്തപ്പോൾ ഏജന്റിനെ അറിയില്ലെന്നും ആരിൽ നിന്നും പണം സ്വീകരിച്ചിട്ടില്ലെന്നും ബന്ധുവിനാണ് അവയവം നൽകിയതെന്നും 3 പേർ നിലപാടെടുത്തു. മൊഴി തിരുത്താനിടയായതു ഭീഷണിക്കോ മറ്റു സ്വാധീനത്തിനോ വഴങ്ങിയാണോയെന്ന കാര്യം പൊലീസ് പരിശോധിച്ചിട്ടില്ല.
അന്വേഷണ സംഘം ഇന്നോ നാളെയോ കമ്മിഷണർക്കു റിപ്പോർട്ട് സമർപ്പിക്കുമെന്നാണു വിവരം. ഇതിനു ശേഷമാകും കമ്മിഷണർ വനിതാ കമ്മിഷനു റിപ്പോർട്ട് സമർപ്പിക്കുക. ഇരകളിൽ 3 പേരെ കൂടി നേരിൽ കണ്ടു മൊഴിയെടുക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. ഇവരിൽ ആരെങ്കിലും ഏജന്റിന്റെ പങ്കിനെക്കുറിച്ചു സൂചന നൽകിയാൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ വഴിയൊരുങ്ങും.