ADVERTISEMENT

കൊച്ചി / ആലപ്പുഴ ∙ ഗുണ്ടയുടെ വീട്ടിൽ റെയ്ഡിനു ചെന്ന അങ്കമാലി പൊലീസ് കണ്ടത് അവിടെ വിരുന്നിനെത്തിയ ഡിവൈഎസ്പിയെയും 3 പൊലീസുകാരെയും. 31നു വിരമിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബുവും ഒപ്പമുണ്ടായിരുന്ന പൊലീസുകാരുമാണ് കുപ്രസിദ്ധ ഗുണ്ട തമ്മനം ഫെയ്സലിന്റെ (എം.ജെ.ഫെയ്സൽ–46) അങ്കമാലി പുളിയനം കാട്ടുചിറയിലെ വീട്ടിൽ റെയ്ഡിൽ കുടുങ്ങിയത്.

‍ഡിവൈഎസ്പിയുടെ സസ്പെൻഷനു മുഖ്യമന്ത്രി നിർദേശം നൽകി. ഒപ്പമുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസറെയും രണ്ടു പൊലീസ് ഡ്രൈവറെയും ആലപ്പുഴ എസ്പി സസ്പെൻഡ് ചെയ്തു. ഡിവൈഎസ്പിയുടെ യാത്രയയപ്പിനായി ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫിസ് മുറ്റത്തു കെട്ടിയ പന്തൽ വിവാദത്തെത്തുടർന്നു പൊളിച്ചു.

യാത്രയയപ്പിന്റെ ഭാഗമായി മസിനഗുഡി ടൂർ കഴിഞ്ഞു മടങ്ങുമ്പോഴാണ് ഞായറാഴ്ച വൈകിട്ട് ഡിവൈഎസ്പിയും സംഘവും ഫെയ്സലിന്റെ വീട്ടിലെത്തിയത്. അൽപസമയത്തിനകം യൂണിഫോമിലുള്ള  പൊലീസ് സംഘം വരുന്നതുകണ്ട് ‍ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു. 

എന്നാൽ, എസ്ഐയും സംഘവും പുറത്തുണ്ടായിരുന്ന പൊലീസുകാരോടു വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. സിനിമാനടനായ ‘സുഹൃത്തിന്റെ’ വീട്ടിലേക്കെന്നു പറഞ്ഞാണ് ഡിവൈഎസ്പി തങ്ങളെ കൊണ്ടുപോയതെന്നു പൊലീസുകാർ വിശദീകരിച്ചിട്ടുണ്ട്. (ഈയിടെ റിലീസായ സിനിമയിൽ ഫെയ്സൽ അഭിനയിച്ചിരുന്നു). എന്നാൽ, ഫെയ്സലിനെ കാണണമെന്ന പൊലീസുകാരുടെ ആഗ്രഹപ്രകാരം അവിടെ പോകുകയായിരുന്നുവെന്നാണ് ഡിവൈഎസ്പി മേലധികാരികളോടു വിശദീകരിച്ചത്. 

ഫെയ്സലിനെ പൊലീസുകാർക്കു മുൻപരിചയമില്ലായിരുന്നുവെന്ന് ഏതാണ്ടു ബോധ്യമായിട്ടുണ്ട്. ഡിവൈഎസ്പി സാബു മുൻപ് എറണാകുളം റൂറലിൽ ജോലി ചെയ്തിട്ടുണ്ട്. എസ്ഐക്കു ഡിവൈഎസ്പിയെ കസ്റ്റഡിയിലെടുക്കാൻ അധികാരമില്ലെന്നു പറഞ്ഞ് സാബു ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. സ്റ്റേഷനിലെത്തിച്ചശേഷം ഫെയ്സലിനെയും വീട്ടിലെ ജോലിക്കാരൻ ഷബ്നാസിനെയും കരുതൽ അറസ്റ്റോടെയും പൊലീസുകാരെ വിവരങ്ങൾ രേഖപ്പെടുത്തിയും വിട്ടയച്ചു. ഗുണ്ടകൾ ഏർപ്പാടാക്കിയ കാറിലാണ് ഡിവൈഎസ്പി മടങ്ങിയത്.

ഡിവൈഎസ്പി എം.ജി.സാബുവിന്റെ യാത്രയയപ്പു സമ്മേളനത്തിനായി ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫിസിനു മുകളിലിട്ട പന്തൽ പൊളിച്ചുനീക്കുന്നു. (വിഡിയോ ചിത്രം)
ഡിവൈഎസ്പി എം.ജി.സാബുവിന്റെ യാത്രയയപ്പു സമ്മേളനത്തിനായി ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫിസിനു മുകളിലിട്ട പന്തൽ പൊളിച്ചുനീക്കുന്നു. (വിഡിയോ ചിത്രം)

മുൻപും വിവാദങ്ങളിൽ

കൊച്ചി ∙ 2010 മാർച്ചിൽ കോതമംഗലം തട്ടേക്കാടിനു സമീപം  റഷ്യൻ യുവതികൾക്കൊപ്പം ജലയാത്ര നടത്തിയ യുവാവ് ബോട്ടു മറിഞ്ഞു മരിച്ചതുമായി ബന്ധപ്പെട്ടും സാബുവിനെതിരെ ആരോപണമുയർന്നിരുന്നു. അന്ന് കോതമംഗലം സിഐ ആയിരുന്ന സാബു അപകടസമയത്ത് മഫ്തിയിൽ സ്ഥലത്തുണ്ടായിരുന്നു. വകുപ്പുതല അന്വേഷണത്തെത്തുടർന്നു നടപടി നേരിട്ടു. അന്നു റഷ്യൻ യുവതികളെ എത്തിച്ചത് സെക്സ് റാക്കറ്റിലെ കണ്ണികളാണെന്ന വിവരവും പുറത്തുവന്നിരുന്നു.

എം.ജി.സാബു
എം.ജി.സാബു
English Summary:

Goon's feast for retiring DySP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com