ഗുണ്ടാവിരുന്ന്: മുഖ്യമന്ത്രിക്കു കത്തയച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Mail This Article
പത്തനംതിട്ട ∙ അങ്കമാലിയിലെ ഡിവൈഎസ്പിയുടെ ഗുണ്ടാ വിരുന്നിന്റെ പശ്ചാത്തലത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാബന്ധം പരാമർശിച്ച് മുഖ്യമന്ത്രിക്കു കത്തയച്ച പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കോഴിക്കോട് സ്വദേശിയും പത്തനംതിട്ട ആറന്മുള പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയുമായ ഉമേഷ് വള്ളിക്കുന്നിനെയാണ് ഇന്നലെ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ പൂർണരൂപമെന്ന പേരിൽ ഫെയ്സ്ബുക്കിലാണ് ഉമേഷ് പോസ്റ്റ് ഇട്ടത്. ഗുണ്ടയുടെ വിരുന്നിൽ പങ്കെടുത്ത ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതിനെ അഭിനന്ദിച്ച് മുഖ്യമന്ത്രിക്ക് അയച്ച കത്തിലെ തുടർന്നുള്ള പരാമർശങ്ങൾ വിവാദമായിരുന്നു. മേലുദ്യോഗസ്ഥരെ മോശമായി ചിത്രീകരിച്ചു, ഗുണ്ടകൾക്കെതിരെ നടപടി എടുക്കുന്നതിന് നൽകിയ ഉത്തരവിനെയും പൊലീസ് ഉദ്യോഗസ്ഥരെയും കുറിച്ച് ആരോപണങ്ങൾ നിരന്തരമായി ഉന്നയിച്ച് സേനയ്ക്ക് നാണക്കേടുണ്ടാക്കി, സമൂഹ മാധ്യമങ്ങളിലെ ഇടപെടലിൽ ചട്ടങ്ങൾ ലംഘിച്ചു എന്നൊക്കെ സസ്പെൻഷൻ ഉത്തരവിലുണ്ട്.
അവസാന ഗുണ്ടാവിരുന്നല്ല നടന്നതെന്നും ഇത്തരക്കാർ അനേകംപേർ സേനയ്ക്കകത്തുണ്ടെന്ന് ഡിജിപിയോ മുഖ്യമന്ത്രിയോ അറിയുന്നില്ലെന്നും കത്തിൽ പറഞ്ഞിരുന്നു. വകുപ്പിലെ ആത്മഹത്യകളുടെ പെരുപ്പം മുഖ്യമന്ത്രി അറിയുന്നുണ്ടോ എന്നും കത്തിൽ ചോദിച്ചിട്ടുണ്ട്. തുടർന്ന് ആഭ്യന്തര വകുപ്പ് നടപടിയിലേക്ക് നീങ്ങുകയായിരുന്നു. സംഭവം വിശദമായി അന്വേഷിച്ച് രണ്ടുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നർകോട്ടിക് സെൽ ഡിസിപിയെ ചുമതലപ്പെടുത്തി.