ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് അബുദാബിയിലുള്ള ബാങ്ക് അക്കൗണ്ടിൽ എസ്എൻസി ലാവ്‌ലിൻ കമ്പനിയും പിഡബ്ല്യുസിയും അടക്കം വൻതുക നിക്ഷേപിച്ചെന്ന ഷോൺ ജോർജിന്റെ ആരോപണത്തിനെതിരെ കോടതിയിൽ പോകാൻ ഉദ്ദേശിക്കുന്നില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആരോപണം നിഷേധിക്കാനും നിയമ നടപടി സ്വീകരിക്കാനും ഷോൺ വെല്ലുവിളിച്ചതിനെക്കുറിച്ചായിരുന്നു പ്രതികരണം.

നിയമം എന്നു പറയാൻ തന്നെ ഷോണിന് അവകാശമില്ല. പിന്നല്ലേ നടപടിയെക്കുറിച്ച് ആലോചിക്കാൻ. കള്ളക്കഥ പറഞ്ഞപ്പോൾത്തന്നെ പൊളിഞ്ഞു. അതിനെ നേരിടാൻ എന്തിനാണ് പൊലീസും കോടതിയും. വസ്തുതാപരമായ കാര്യം ജനങ്ങൾക്കു മനസ്സിലാകാനാണ് താൻ സ്വപ്ന സുരേഷിന്റെ ആരോപണത്തിനെതിരെ മാനനഷ്ടക്കേസ് നൽകിയത്.

പിണറായിക്കെതിരായ കേസ് ഒഴിവാക്കാൻ താൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് അതിലുണ്ടായിരുന്നു. അതു തെറ്റാണെന്നു പറയാനാണ് കോടതിയിൽ പോയത്. ഷോണിന്റെ ആരോപണത്തിൽ അങ്ങനെ മനസ്സിലാക്കാൻ ഒരു കാര്യവുമില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ഓരോ ആരോപണവും ഹൈക്കോടതി അടക്കം തള്ളിക്കളഞ്ഞാലും വീണ്ടും അപവാദങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നതിൽ ചിലർ ഗവേഷണം നടത്തുകയാണ്.

എക്സാലോജിക്കിനെതിരെ ഒട്ടേറെ കഥകൾ പ്രചരിപ്പിച്ചിട്ടുണ്ട്. അത്തരം ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടൻ കോടതിയിൽ നിന്ന് പ്രഹരമേറ്റ് അപഹാസ്യനായി മൂലയ്ക്കിരിക്കുകയാണ്. അപ്പോഴാണ് ഷോൺ ജോർജ് പുതിയ ആരോപണവുമായി വന്നിരിക്കുന്നത്. 2011ൽ റജിസ്റ്റർ ചെയ്ത ലണ്ടനിലും ഇറ്റലിയിലും ജർമനിയിലും പ്രവർത്തിക്കുന്ന എക്സാലോജിക് കൺസൽറ്റിങ്ങുമായി വീണയുടെ കമ്പനിക്ക് ഒരു ബന്ധവുമില്ലെന്ന് ആ കമ്പനി അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

മാധ്യമങ്ങൾ സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരായി കള്ളപ്രചാരവേല നടത്താൻ ശ്രമിച്ചാൽ അതിനെ നേരിടേണ്ടി വരും. സാധാരണ, ആശയപരമായാണു നേരിടുന്നത്. പക്ഷേ തരംതാണ പത്ര പ്രവർത്തനമാണ് തുടർച്ചയായി നടത്തുന്നത്. എന്താണ് അതിനു നേരെ ജനങ്ങൾ എടുക്കേണ്ട സമീപനം എന്നു കാണേണ്ടി വരും. സിപിഎമ്മിനെതിരെ കള്ളക്കഥ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്ക് ശശി തരൂരിന്റെ പിഎ സ്വർണക്കടത്തിനു പിടിയിലായത് വലിയ വാർത്തയേ അല്ലെന്നും ഗോവിന്ദൻ പറഞ്ഞു.

English Summary:

CPM State Secretary MV Govindan said that he does not intend to go to court against Shone George's allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com