ലഹരിമരുന്നു കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും

Mail This Article
മഞ്ചേരി (മലപ്പുറം) ∙ എക്സൈസ് ഉദ്യോഗസ്ഥനെ വെടിവച്ച കേസിലെ പ്രതിക്ക് ലഹരിമരുന്നു കേസിൽ 10 വർഷം കഠിനതടവും 10,000 രൂപ പിഴയും എൻഡിപിഎസ് കോടതി ശിക്ഷ വിധിച്ചു. 1.04 കിലോഗ്രാം ഹഷീഷ് പിടികൂടിയതിനു കോട്ടയം ഓണംതുരുത്ത് നീണ്ടൂർ ചക്കുംപുരക്കൽ ജോർജ്കുട്ടിക്ക് (39) ആണ് ജഡ്ജി എം.പി.ജയരാജ് ശിക്ഷ വിധിച്ചത്.
2019 ജൂലൈ 30ന് പുലർച്ചെ ഒന്നരയ്ക്ക് ആണു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം എക്സൈസ് സർക്കിൾ ഓഫിസിലെ മറ്റൊരു ലഹരിമരുന്ന് കേസിൽ കോടതി പുറപ്പെടുവിച്ച വാറന്റ് പ്രകാരം, വണ്ടൂർ വാണിയമ്പലത്തെ രണ്ടാം ഭാര്യയുടെ വീട്ടിൽനിന്നാണ് ജോർജ്കുട്ടി എക്സൈസിന്റെ പിടിയിലാകുന്നത്. എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് വീട്ടിൽ പരിശോധിക്കുമ്പോൾ എക്സൈസ് ഇൻസ്പെക്ടർ മനോജിന്റെ കാലിൽ വെടിവച്ച ശേഷം കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. വെടിവച്ച കേസിന്റെ വിചാരണ നടപടികൾ കോടതിയിൽ പുരോഗമിക്കുകയാണ്.