ജീവാനന്ദം: പ്രചരിക്കുന്ന പോസ്റ്റർ ഔദ്യോഗികമല്ലെന്ന് മന്ത്രി

Mail This Article
തിരുവനന്തപുരം∙ ജീവനക്കാരുടെ ശമ്പളത്തിൽനിന്നു തുക പിടിച്ച്, വിരമിച്ച ശേഷം മാസം തോറും മടക്കിനൽകുമെന്നു വാഗ്ദാനം ചെയ്യുന്ന ജീവാനന്ദം പദ്ധതിയുടെ ഘടനയെക്കുറിച്ചു പ്രചരിക്കുന്ന പോസ്റ്റർ ഔദ്യോഗികമല്ലെന്നു മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഓഫിസ്.
ആന്വിറ്റി പദ്ധതിയായ ജീവാനന്ദത്തിന്റെ ഘടന നിശ്ചയിക്കുന്നതിന് ആക്ച്വറിയെ നിയമിക്കാനുള്ള ഉത്തരവ് ഇറങ്ങിയിട്ടേയുള്ളൂ. നടത്തിപ്പ് എങ്ങനെയായിരിക്കണമെന്ന് ആക്ച്വറി ആസൂത്രണം ചെയ്യും. ആ റിപ്പോർട്ട് ലഭിച്ചാൽ സർക്കാർ അതിന്റെ സാധ്യതകൾ വിലയിരുത്തുകയും ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തുകയും ചെയ്യും. താൽപര്യമുള്ളവർ മാത്രം ജീവാനന്ദത്തിൽ ചേർന്നാൽ മതിയെന്ന തീരുമാനത്തിനപ്പുറം മറ്റൊരു വ്യവസ്ഥയും നിശ്ചയിച്ചിട്ടില്ലെന്നു മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
പോസ്റ്ററുമായി ബന്ധമില്ലെന്ന് ഇൻഷുറൻസ് വകുപ്പിലെ ഉദ്യോഗസ്ഥരും പറഞ്ഞു. ബജറ്റിന് മുൻപു പല തലങ്ങളിൽ നടത്തിയ ചർച്ചകളിലാണു ജീവാനന്ദം എന്ന ആശയം ഉണ്ടായതെന്നും അവർ വ്യക്തമാക്കി.
ജീവാനന്ദത്തിൽ ചേരേണ്ട പ്രായപരിധി 20നും 50നും മധ്യേ എന്നാണു പദ്ധതി നിർദേശമെന്ന് പോസ്റ്ററിൽ പറയുന്നു. വിരമിച്ചവർക്കും ഒറ്റത്തവണ പ്രീമിയം അടച്ചു ജീവാനന്ദത്തിൽ ചേരാം. കാലാകാലങ്ങളിൽ കുറവു വരുന്ന പലിശനിരക്ക് നിക്ഷേപത്തെ ബാധിക്കാത്ത വിധം ലോക്ക് ചെയ്യാൻ സൗകര്യം ഉണ്ടാകുമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്.
പോസ്റ്റർ ആരാണു തയാറാക്കിയതെന്ന സൂചന പോലുമില്ല. ജീവാനന്ദത്തെക്കുറിച്ചു വിവരങ്ങൾ പുറത്തുവന്നപ്പോൾ ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ പ്രതിരോധിക്കാൻ സിപിഎം അനുകൂല സർവീസ് സംഘടനകളാണു പോസ്റ്ററിനു പിന്നിലെന്നു വിവരമുണ്ട്.