പോരായ്മ കണ്ടെത്തും, തിരുത്തും: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം ∙ ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും തിരുത്തൽ വരുത്തിയും സർക്കാർ കൂടുതൽ മികവോടെ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. പോരായ്മകൾ കണ്ടെത്തി പരിഹരിക്കും. കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. 2019 ലേതിന് ഏറക്കുറെ സമാനമായ ഫലമാണുണ്ടായത്. സർക്കാരിനെതിരായ സംഘടിത പ്രചാരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങളുടെ തെറ്റിദ്ധാരണ നീക്കാനും ശ്രമം ശക്തമാക്കുമെന്നും പറഞ്ഞു.
തൃശൂരിൽ ബിജെപി നേടിയ വിജയം ഗൗരവത്തോടെയാണു കാണുന്നത്. അതു വിമർശനാത്മകമായി വിലയിരുത്തണം. മതനിരപേക്ഷതയും പുരോഗതിയും മുൻനിർത്തി ജനകീയപങ്കാളിത്തത്തോടെ മുന്നേറാനുള്ള സമഗ്രനടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണു ലോക്സഭാ തിരഞ്ഞെടുപ്പു ഫലമെന്നും മാധ്യമങ്ങളുടെയും ഭരണസംവിധാനങ്ങളുടെയും കേന്ദ്ര ഏജൻസികളുടെയും പണക്കൊഴുപ്പിന്റെയും പിന്തുണയോടെ ബിജെപി നടത്തിയ പ്രചാരണം ജനം തള്ളിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പുഫലം വന്നിന്റെ പിറ്റേന്നാണ് മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ പ്രതികരണം.
2019 ൽ പറഞ്ഞതിങ്ങനെ: ‘ഇൗ ശൈലി മാറ്റില്ല’
എൽഡിഎഫ് സമാന പരാജയം നേരിട്ട 2019 ൽ പിണറായി പ്രതികരിച്ചതിങ്ങനെ: ‘എന്റെ ശൈലി എന്റെ ശൈലിയാണ്. അതിനു മാറ്റമുണ്ടാകില്ല. ഞാൻ ഈ നിലയിലെത്തിയത് ഇത്രയും കാലത്തെ ഈ ശൈലിയിലൂടെയാണ്. അതെല്ലാം ഇനിയും തുടരുക തന്നെ ചെയ്യും.’