ജനവിരുദ്ധ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം: സതീശൻ

Mail This Article
തിരുവനന്തപുരം ∙ എൽഡിഎഫിനു പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നു സമ്മതിക്കുന്ന മുഖ്യമന്ത്രി അതിന്റെ കാരണങ്ങളെക്കുറിച്ചു മിണ്ടുന്നില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മാധ്യമങ്ങൾക്കു മുൻപിൽ വരാനോ ചോദ്യങ്ങളെ നേരിടാനോ മുഖ്യമന്ത്രി തയാറല്ല. ജനവിരുദ്ധ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് യുഡിഎഫിന് അനുകൂലമായ ജനവിധി. സംസ്ഥാന സർക്കാരിനെ ജനങ്ങൾ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ പ്രതിഫലനമാണു കാണുന്നത്.
തിരഞ്ഞെടുപ്പു പ്രചാരണ സമയത്തു രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അധിക്ഷേപിക്കുകയും വ്യാജപ്രചാരണം നടത്തി വർഗീയത ഇളക്കിവിടുകയുമാണു മുഖ്യമന്ത്രി ചെയ്തത്. കോൺഗ്രസ് മുക്ത ഭാരതത്തിനു ശ്രമിച്ച ബിജെപിക്കൊപ്പം കോൺഗ്രസ് മുക്ത കേരളത്തിനു ശ്രമിച്ച മുഖ്യമന്ത്രിയുടെ ദുഷ്പ്രചാരണത്തിനു കനത്ത തിരിച്ചടി കിട്ടി. കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ മരവിപ്പിക്കുന്നതിനു തൃശൂർ സീറ്റ് ബിജെപിക്കു നൽകിയതിന്റെ സൂത്രധാരനും മുഖ്യമന്ത്രിയാണ്.
തിരഞ്ഞെടുപ്പിനു മുൻപുതന്നെ യുഡിഎഫ് പങ്കുവച്ച ആശങ്ക ഇപ്പോൾ സത്യമായി. തൃശൂരിലെ സിപിഎം കോട്ടകളിൽ വ്യാപകമായ വോട്ടു ചോർച്ചയുണ്ടായി. തൃശൂരിൽ ബിജെപിയുടെ വിജയം ഗൗരവമായി കാണണമെന്ന് ഇപ്പോൾ പറയുന്ന മുഖ്യമന്ത്രി ആദ്യം ആത്മപരിശോധന നടത്തുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.