കോൺഗ്രസ് പ്രവർത്തകരെ പൊലീസ് സ്റ്റേഷനിൽ കയറി ആക്രമിച്ച് സിപിഎം–ഡിവൈഎഫ്ഐ സംഘം; പ്രതിഷേധം

Mail This Article
കടയ്ക്കൽ (കൊല്ലം) ∙ ആക്രമണത്തിൽ പരുക്കേറ്റ് പരാതി നൽകാൻ എത്തിയ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് സ്റ്റേഷനിൽ കയറി ആക്രമിച്ച സിപിഎം പ്രവർത്തകർ പൊലീസുകാരെയും മർദിച്ചു. ഒരു മണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സിപിഎം സംഘത്തിനെതിരെ ഒന്നും ചെയ്യാനാകാതെ പൊലീസ് നോക്കി നിന്നു. അക്രമം നടത്തിയ അഞ്ചംഗ സംഘത്തിലെ 3 പേരെ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധത്തെത്തുടർന്ന് പിന്നീട് കടയ്ക്കൽ ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തു. 2 പേർ പൊലീസിനെ വെട്ടിച്ചു കടന്നു.
സിപിഎം മുക്കുന്നം ബ്രാഞ്ച് സെക്രട്ടറി മുക്കുന്നം കെകെ ഹൗസിൽ സജീർ മുക്കുന്നം (40), മങ്കാട് ക്ഷീര സംഘം ജീവനക്കാരനും സിപിഎം പ്രവർത്തകനും ആയ വിമൽ കുമാർ (രാജു-45) ), ഡിവൈഎഫ്ഐ പ്രവർത്തകൻ വിശാഖ് (ശങ്കു-34) എന്നിവരാണു പിടിയിലായത്. കുമ്മിൾ തുളസിമുക്ക് കലാ മൻസിലിൽ എം.കെ.സഫീർ, ഡിവൈഎഫ്ഐ പ്രവർത്തകൻ ഇരട്ടക്കുളം അക്ഷയ് മോഹൻ എന്നിവരെയാണ് അറസ്റ്റ് ചെയ്യാനുള്ളത്.
കഴിഞ്ഞ ദിവസം രാത്രി 10.30നായിരുന്നു സംഭവം. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രൻ വിജയിച്ചതിനെത്തുടർന്ന് ആഹ്ലാദ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ കുമ്മിൾ പഞ്ചായത്തിൽ മിക്ക സ്ഥലത്തും പടക്കം പൊട്ടിച്ചു. സിപിഎം പ്രവർത്തകരുടെ വീടിനു മുന്നിൽ പടക്കം പൊട്ടിച്ചെന്ന് ആരോപിച്ചു സിപിഎം പ്രവർത്തകൻ വിമലിന്റെ നേതൃത്വത്തിൽ ജിഷ്ണുവിനെ ആക്രമിച്ചു.
കണ്ണിനു പരുക്കേറ്റ ജിഷ്ണു കോൺഗ്രസ് നേതാക്കൾക്കൊപ്പം കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തി. പൊലീസിനോട് കാര്യം വിവരിക്കുമ്പോൾ തടിയും കമ്പിയുമായി സിപിഎം ഡിവൈഎഫ്ഐ അഞ്ചംഗ സംഘം പൊലീസ് സ്റ്റേഷനിൽ എത്തി. പൊലീസിനു മുന്നിൽ ജിഷ്ണു, സച്ചു, അനൂപ് എന്നിവരെ മർദിച്ചു. പിൻതിരിപ്പിക്കാൻ ശ്രമിച്ച എഎസ്ഐയെയും സിവിൽ പൊലീസ് ഓഫിസറെയും സംഘം ആക്രമിച്ചു.
അക്രമം കാട്ടിയ സംഘത്തെ അറസ്റ്റ് ചെയ്യാതെ പൊലീസ് പുറത്തേക്കു പറഞ്ഞു വിട്ടതായി കോൺഗ്രസ് ആരോപിച്ചു. എൻ.കെ.പ്രേമചന്ദ്രൻ ഉൾപ്പെടെയുള്ളവർ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്താൽ മാത്രമേ സ്റ്റേഷനിൽ നിന്നു പോകൂവെന്ന് അറിയിച്ചു കോൺഗ്രസ് നേതാക്കൾ സ്റ്റേഷനിൽ ഇരുന്നു. ഇൻസ്പെക്ടറും എസ്ഐ ഉൾപ്പെടെയുള്ളവരും സ്ഥലത്ത് എത്തി. വിഡിയോ ദൃശ്യം പരിശോധിച്ച ശേഷം വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് എത്തിയ പൊലീസിന്റെ സഹായത്തോടെ അക്രമം കാട്ടിയ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.