നിമിഷപ്രിയയുടെ മോചനം: ശ്രമങ്ങൾ തുടരുന്നു

Mail This Article
കൊച്ചി∙ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് അറബ് രാജ്യമായ യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനശ്രമങ്ങൾ തുടരുന്നു. ‘ബ്ലഡ് മണി’ നൽകി നിമിഷപ്രിയയെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണു ശ്രമം നടക്കുന്നത്. നിമിഷയെ കാണാൻ കഴിഞ്ഞ ഏപ്രിൽ 24നു യെമനിൽ എത്തിയ അമ്മ പ്രേമകുമാരി അവിടെ തങ്ങുകയാണ്.
ആക്‌ഷൻ കൗൺസിലിന്റെ സഹായിയായ സാമുവൽ െജറോമിന്റെ വസതിയിലാണ് താമസം. വധിക്കപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബവുമായി ‘ബ്ലഡ് മണി’ സംബന്ധിച്ച ചർച്ച ഇനിയും ആരംഭിച്ചിട്ടില്ല. തലാൽ ഉൾപ്പെടുന്ന ഗോത്ര വിഭാഗത്തിന്റെ നേതാക്കൾ വഴി കുടുംബവുമായി ബന്ധപ്പെടാനാണു നീക്കം. ഇന്ത്യൻ എംബസി നിയോഗിച്ച പ്രതിനിധികളും അഭിഭാഷകനും മുഖേനയാണു ശ്രമം. ഇവരുമായി ചർച്ച ആരംഭിക്കാൻ തന്നെ 38 ലക്ഷം രൂപയ്ക്കു തുല്യമായ യുഎസ് ഡോളർ സമാഹരിക്കേണ്ടതുണ്ട് എന്നാണ് ആക്‌ഷൻ കൗൺസിലിനെ സാമുവൽ അറിയിച്ചത്.
ഇതിനു ശ്രമം നടക്കുന്നുണ്ട്. ഈ തുക എത്തിച്ച ശേഷമേ ചർച്ച ആരംഭിക്കുകയുള്ളൂ എന്നു നിമിഷപ്രിയയുടെ ഭർത്താവും തൊടുപുഴ സ്വദേശിയുമായ ടോമി പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതു നീട്ടിവച്ചതായോ ഇതിനായി കേന്ദ്ര സർക്കാർ ഇടപെട്ടതായോ അറിയില്ലെന്നു ടോമിയും സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിൽ പ്രതിനിധികളും അറിയിച്ചു.