എൽപിയും ഹൈസ്കൂളുമുണ്ട്, യുപി വിഭാഗമില്ല എന്ന പ്രതിസന്ധിയിൽ 4 സ്കൂളുകൾ

Mail This Article
കൊച്ചി∙ വർഷങ്ങൾ നീണ്ട ‘യുപി സ്കൂൾ ഇല്ലാ ദുരിതത്തിനു’ പരിഹാരമുണ്ടാകുമോ എന്നു കാക്കുകയാണു വയനാട്, ഇടുക്കി ജില്ലകളിലെ 4 സ്കൂളുകളിലെ നൂറുകണക്കിനു വിദ്യാർഥികൾ. എൽപി വിഭാഗവും ഹൈസ്കൂളുമുണ്ട്, യുപി വിഭാഗമില്ല എന്ന അപൂർവ പ്രതിസന്ധിയിലാണീ സ്കൂളുകൾ. വയനാട് ജില്ലയിൽ പൂതാടി പഞ്ചായത്തിലെ അതിരാറ്റുകുന്ന് ഗവ. ഹൈസ്കൂൾ, വാളവയൽ ഗവ. ഹൈസ്കൂൾ, മാനന്തവാടി വെള്ളമുണ്ട പഞ്ചായത്തിലെ പുളിഞ്ഞാൽ ഗവ. ഹൈസ്കൂൾ എന്നിവയിലെയും ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല ഗവ. ഹൈസ്കൂളിലെയും വിദ്യാർഥികളാണു ദുരിതം നേരിടുന്നത്.
ഇതിൽ ഉടുമ്പൻചോല സ്കൂളിൽ യുപി വിഭാഗമുണ്ടെങ്കിലും അത് അൺ എയ്ഡഡ് ആയാണു പ്രവർത്തിക്കുന്നത്. നാലാം ക്ലാസിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥി യുപി സ്കൂളിൽ ചേരാൻ അഞ്ചും ആറും കിലോമീറ്റർ വനമേഖലയിലൂടെയും മറ്റും സഞ്ചരിക്കണം. വന്യമൃഗശല്യമേറെയുള്ള മേഖലകളിലാണ് ഈ സ്കൂളുകൾ.
യുപി ക്ലാസുകൾ പൂർത്തിയാക്കിയാൽ എട്ടാം ക്ലാസിൽ ചേരാൻ, വീണ്ടും ഹൈസ്കൂളുള്ള മാതൃവിദ്യാലയത്തിലെത്താം. ഈ സ്കൂളുകളിൽ യുപി സ്കൂൾ പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളുണ്ട്. എന്നിട്ടും അതു ലഭിക്കുന്നില്ല. പ്രശ്നം അധ്യാപക– രക്ഷാകർതൃസമിതികളും ജനപ്രതിനിധികളും മറ്റും പലവട്ടം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി. 2022 സെപ്റ്റംബറിൽ മന്ത്രി വി. ശിവൻകുട്ടി വിശദമായ പ്രസ്താവന നിയമസഭയിൽ നടത്തി. സാങ്കേതിക പ്രശ്നങ്ങൾ തടസ്സമാകുന്നതു ചൂണ്ടിക്കാട്ടിയെങ്കിലും പരിഹാരത്തിനു ശ്രമിക്കുമെന്ന നിലപാടിലായിരുന്നു മന്ത്രി.
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (ആർഎംഎസ്എ) പ്രകാരമാണ് ഈ സ്കൂളുകളിൽ ഹൈസ്കൂൾ ലഭിച്ചത്. പുതിയ അധ്യയന വർഷത്തിൽ മാറ്റമുണ്ടാകുമെന്ന പ്രത്യാശയിലായിരുന്നു വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും. എന്നാൽ അതുണ്ടായില്ല. ഈ സ്കൂളുകളിലെ നാലാം ക്ലാസ് പൂർത്തിയായ കുട്ടികൾ ദൂരെയുള്ള സ്കൂളുകളിലേക്കുപോയി അഞ്ചാം ക്ലാസിൽ ചേർന്നുകഴിഞ്ഞു. വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എൽപി സ്കൂളിലും സമാനമായ പ്രശ്നം മുൻപുണ്ടായിരുന്നു.
ഇവിടെ യുപിയായി അപ്ഗ്രേഡ് ചെയ്യാതെ ഹൈസ്കൂൾ അനുവദിച്ചു. എന്നാൽ, ശക്തമായ സമ്മർദങ്ങൾക്കൊടുവിൽ 2015ൽ അന്നത്തെ സർക്കാർ യുപി വിഭാഗംകൂടി അനുവദിച്ചു. സമാനമായ പരിഗണന തങ്ങൾക്കും ലഭിക്കണമെന്നാണു നിലവിൽ പ്രതിസന്ധിയുള്ള സ്കൂളുകൾ ആവശ്യപ്പെടുന്നത്.