ജപ്തി ഭൂമി ലേലത്തിൽ പോയില്ലെങ്കിൽ സർക്കാരിന് ഏറ്റെടുക്കാം; ബിൽ അടുത്ത സഭാ സമ്മേളനത്തിൽ
Mail This Article
തിരുവനന്തപുരം ∙ ജപ്തി ചെയ്യുന്ന ഭൂമി ലേലത്തിലെടുക്കാൻ ആരും തയാറായില്ലെങ്കിൽ സർക്കാരിന് ഒരു രൂപയ്ക്ക് ഏറ്റെടുക്കാമെന്നതടക്കമുള്ള പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന് 1968ലെ കേരള റവന്യൂ റിക്കവറി നിയമം ഭേദഗതി ചെയ്യാൻ മന്ത്രിസഭായോഗം അനുമതി നൽകി. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ പാസാക്കും. നികുതി കുടിശികയുടെ പലിശ ഈടാക്കുന്നത് കുറയ്ക്കുക, ജപ്തി വസ്തുവിന്റെ വിൽപന വിവരങ്ങൾ ഓൺലൈനായി പ്രസിദ്ധീകരിക്കുക, റവന്യു റിക്കവറിയിൽ തവണകൾ അനുവദിക്കാൻ സർക്കാരിന് അനുമതി നൽകുക തുടങ്ങിയവയാണു പ്രധാന ഭേദഗതികൾ.
ലേലത്തിലെടുക്കാൻ ആളില്ലാതെ വന്നാൽ 5 വർഷത്തിനകം കുടിശിക അടച്ച് വസ്തു സ്വന്തമാക്കാൻ ഉടമയ്ക്ക് അവസരമുണ്ടാകും. ഈ കാലയളവിനു ശേഷമാകും പൂർണമായി സർക്കാർ ഏറ്റെടുക്കുക. കടബാധ്യത സർക്കാരിനോടാണെങ്കിൽ ഏറ്റെടുക്കുന്നതിൽ സർക്കാരിനു തീരുമാനമെടുക്കാം. മറ്റു സ്ഥാപനങ്ങൾക്കു വേണ്ടി സർക്കാർ റവന്യു റിക്കവറി നടപടി നടത്തുന്ന വസ്തുക്കളുടെ കാര്യത്തിൽ അവരുടെ അനുമതിയോടെയും സർക്കാരിനു തീരുമാനമെടുക്കാം. വസ്തുക്കൾ ജപ്തി ചെയ്യുമ്പോൾ, ഉടമയും അദ്ദേഹത്തിന് ബാധ്യത ഉള്ള സ്ഥാപനവും തമ്മിലുള്ള കരാറിൽ നിശ്ചയിച്ചതിനെക്കാൾ കൂടിയ പലിശ ഈടാക്കാൻ പാടില്ല. കരാറിൽ ഇൗ വ്യവസ്ഥ ഇല്ലെങ്കിൽ ഈടാക്കാവുന്ന പലിശയുടെ പരിധി 9% ആയി പരിമിതപ്പെടുത്തും. നിലവിൽ 18% വരെ പലിശ ഈടാക്കുന്നുണ്ട്.
സ്റ്റേയ്ക്ക് വീണ്ടും അധികാരം
റവന്യു റിക്കവറി കേസുകളിൽ സ്റ്റേ നൽകാനും ഗഡുക്കൾ അനുവദിക്കാനും സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥ പുനഃസ്ഥാപിക്കുന്ന ഭേദഗതിയും കൊണ്ടുവരും.
25,000 രൂപ മുതൽ 10 ലക്ഷം രൂപയ്ക്കു മുകളിൽ വരെ ഉള്ള കേസുകളിൽ ഗഡുക്കൾ അനുവദിക്കാൻ തഹസിൽദാർ, കലക്ടർ, റവന്യു മന്ത്രി, ധനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് അധികാരം നൽകും.
ചെറിയ തുകയ്ക്കുള്ള വായ്പയ്ക്കു മുഴുവൻ ഭൂമിയും ജപ്തി ചെയ്യുന്നത് ഒഴിവാക്കും. തുകയ്ക്കു ആനുപാതികമായി ഭൂമിയുടെ ഒരു പങ്കു മാത്രം ജപ്തി ചെയ്യും. ജപ്തി ചെയ്യാൻ തീരുമാനിച്ച ഭൂമി അവകാശിക്ക് മറ്റൊരാളുമായി വാങ്ങൽ കരാറിലേർപ്പെട്ട ശേഷം പണം വാങ്ങി കുടിശിക തീർക്കാനും സൗകര്യം വരും.