റേഷൻ മേഖല സ്തംഭനത്തിലേക്ക്
Mail This Article
തിരുവനന്തപുരം ∙ റേഷൻ സാധനങ്ങളുടെ വിതരണം നടത്തുന്ന കരാറുകാർ സമരം ആരംഭിക്കുകയും സപ്ലൈകോ വിൽപനശാലകളിൽ സബ്സിഡി സാധനങ്ങൾ കുറയുകയും ചെയ്തതോടെ സംസ്ഥാനത്തെ ഭക്ഷ്യ പൊതുവിതരണ രംഗം സ്തംഭനത്തിലേക്ക്. നീല കാർഡ് ഉടമകൾക്കു പ്രഖ്യാപിച്ച 4 കിലോ സ്പെഷൽ അരി റേഷൻ കടകളിൽ എത്തിയിട്ടില്ല. സപ്ലൈകോയിലൂടെ നൽകുന്ന 13 സബ്സിഡി സാധനങ്ങളിൽ പഞ്ചസാരയും 3 ഇനം അരിയും ഉൾപ്പെടെ മിക്ക സാധനങ്ങളും സ്റ്റോക്കില്ല.
മാർച്ച് മുതൽ 3 മാസത്തെ ബിൽ തുക കുടിശികയായതോടെയാണ്, സാധനങ്ങളുടെ ‘വാതിൽപടി’ വിതരണം നടത്തുന്ന കേരള ട്രാൻസ്പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സമരത്തിനു നോട്ടിസ് നൽകിയത്. കുടിശിക തീർത്തതു കൊണ്ടുമാത്രം സമരം തീരില്ലെന്നും തുക കൃത്യമായി നൽകാൻ സംവിധാനം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സമരം നീണ്ടാൽ ഈ മാസം പകുതിയോടെ റേഷൻ വിതരണത്തെ ബാധിക്കും.
മാവേലി സ്റ്റോറുകളിലും പല ഉൽപന്നങ്ങളുമില്ല. തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര സർക്കാരിന്റെ ‘ഭാരത്’ അരിയെ വെല്ലാൻ ഇറക്കിയ കെ റൈസ് വോട്ടെടുപ്പിനു മുൻപേ സ്റ്റോക്ക് തീർന്നു. ‘ഭാരത്’ അരി വിതരണവും ചില മേഖലകളിൽ മാത്രമായി ഒതുങ്ങി.