നവജാതശിശു മരണം: ചികിത്സപ്പിഴവ് ആരോപണം വീണ്ടും; പ്രസവിച്ചത് വാർഡിലെന്ന് ബന്ധുക്കൾ, നിഷേധിച്ച് അധികൃതർ
Mail This Article
അമ്പലപ്പുഴ∙ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ചികിത്സപ്പിഴവെന്ന ആരോപണം നേരിട്ട നവജാതശിശുമരണത്തിൽ ആശുപത്രി സൂപ്രണ്ടിനോട് മന്ത്രി വീണാ ജോർജ് വിശദീകരണം തേടി. അണുബാധ മൂലമാണു കുഞ്ഞിന്റെ മരണമെന്നാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ചികിത്സപ്പിഴവില്ലെന്നും കുഞ്ഞിന്റെ മരണകാരണത്തെപ്പറ്റി വിശദമായ റിപ്പോർട്ട് മന്ത്രിക്കു നൽകിയെന്നും സൂപ്രണ്ട് ഡോ.എ.അബ്ദുൽ സലാമും പ്രിൻസിപ്പൽ ഡോ.മിറിയം വർക്കിയും അറിയിച്ചു.
ചികിത്സപ്പിഴവു മൂലം മരണമെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ ഒന്നര മാസത്തിനിടെ ആരോപണമുയരുന്ന മൂന്നാമത്തെ സംഭവമാണിത്. മുൻപ് മരിച്ചതു രണ്ടു സ്ത്രീകളായിരുന്നു. വലിയ പ്രതിഷേധങ്ങളും അതേത്തുടർന്ന് അന്വേഷണങ്ങളും നടന്നിരുന്നു. ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിച്ച് ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു. അതിനു പിന്നാലെയാണ് വണ്ടാനം വൃക്ഷവിലാസം തോപ്പ് മനുവിന്റെയും സൗമ്യയുടെയും പെൺകുഞ്ഞ് ബുധനാഴ്ച രാത്രി മരിച്ചത്. കുഞ്ഞിന്റെ മൃതദേഹവുമായി ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചതു സംഘർഷത്തിനിടയാക്കി.
പ്രസവിച്ചത് വാർഡിലെന്ന് ബന്ധുക്കൾ, നിഷേധിച്ച് അധികൃതർ
കഴിഞ്ഞ മാസം 28 നാണ് സൗമ്യയെ (28) പ്രസവത്തിനായി ആശുപത്രിയിലെത്തിച്ചത്. പ്രസവവേദനയുണ്ടെന്നു പറഞ്ഞിട്ടും അവഗണിച്ചെന്നും വാർഡിലാണു പ്രസവിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ഇതു ശരിയല്ലെന്ന് സൂപ്രണ്ട് അറിയിച്ചു. ലേബർ റൂമിലാണു പ്രസവം നടന്നത്. വൃക്ക, കരൾ എന്നിവയുടെ പ്രവർത്തനം താളംതെറ്റിയതോടെ വെന്റിലേറ്ററിലാക്കി. കുഞ്ഞിന് അണുബാധയുണ്ടായിരുന്നതിനാൽ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നെന്നും അറിയിച്ചു.
ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ കുഞ്ഞിന്റെ മൃതദേഹവുമായി തീവ്രപരിചരണ വിഭാഗത്തിനു മുന്നിൽ പ്രതിഷേധിച്ചു. പിതാവ് മനുവിന്റെ പരാതിയിൽ അമ്പലപ്പുഴ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മനു കലക്ടർക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി. മൃതദേഹം സംസ്കരിച്ചു.