പുനർമൂല്യനിർണയം: അധികമാർക്കിന്റെ പ്രയോജനം ഇല്ലാതെ പ്ലസ് ടു വിദ്യാർഥികൾ
Mail This Article
കൊച്ചി ∙ ആയിരക്കണക്കിനു പ്ലസ് ടു വിദ്യാർഥികൾ പുനർമൂല്യനിർണയത്തിൽ ലഭിച്ച അധികമാർക്കിന്റെ ഗുണം ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്നു. ബിരുദ പ്രവേശനത്തിനു പല കോളജുകളും സർവകലാശാലകളും ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചുകഴിഞ്ഞു. രേഖകളിൽ തിരുത്തലുകൾ വരുത്താൻ അനുവദിക്കുന്ന ദിവസവുമായി. എന്നാൽ, പുനർമൂല്യനിർണയത്തിൽ ലഭിച്ച മാർക്ക് രേഖപ്പെടുത്താനാകാതെ കുഴങ്ങുകയാണു വിദ്യാർഥികൾ. ഹയർ സെക്കൻഡറി ഫലം ലഭിക്കുന്ന വെബ്സൈറ്റിൽ ഇപ്പോഴും കിടക്കുന്നതു പഴയ മാർക്ക് തന്നെയാണ്. അധികം ലഭിക്കുന്ന മാർക്ക് ചേർത്താൽ ആകെ ശതമാനത്തിൽ വ്യത്യാസമുണ്ടാകുകയും അലോട്മെന്റ് ലിസ്റ്റിൽ വിദ്യാർഥിയുടെ സ്ഥാനം മുകളിലെത്തുകയും ചെയ്യും. ആ സാധ്യതയാണ് അധികൃതരുടെ അനാസ്ഥമൂലം ഇല്ലാതാകുന്നത്. കഴിഞ്ഞ ആറിനാണു പ്ലസ് ടു പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചത്. മാർക്ക് മാറിയതിന്റെ വിശദമായ പട്ടികയും അതിലുണ്ട്. ആയിരക്കണക്കിനു പേരുകളുള്ള പട്ടിക റജിസ്റ്റർ നമ്പറിന്റെയോ സ്കൂൾ കോഡിന്റെയോ ക്രമത്തിലല്ലാത്തതിനാൽ കണ്ടുപിടിക്കാൻ വളരെ പ്രയാസപ്പെടണം. ആദ്യത്തെ മാർക്ക് ചേർത്തുള്ള മാർക്ക് ലിസ്റ്റ് തന്നെ ഇതുവരെ സ്കൂളുകളിൽ എത്തിയിട്ടില്ല. പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ച സ്ഥിതിക്ക് ആ മാർക്ക്കൂടി ചേർത്തുള്ള മാർക്ക് ലിസ്റ്റാകും എത്തുകയെന്നു പല സ്കൂൾ അധികൃതരും പ്രതീക്ഷിക്കുന്നു. എന്നാൽ, ഇത് സമയത്തു കിട്ടാത്തതിനാൽ പ്രയോജനം ലഭിക്കാത്ത സ്ഥിതിയാണ്.
ആദ്യ മൂല്യനിർണയത്തിൽ പാകപ്പിഴകളേറെ
പ്ലസ് ടു പുനർമൂല്യനിർണയത്തിൽ ഒട്ടേറെ വിദ്യാർഥികൾക്കു നേരത്തെ ലഭിച്ചതിനെക്കാൾ മുപ്പതും നാൽപതും വരെ മാർക്ക് ലഭിച്ചത് ആദ്യ മൂല്യനിർണയത്തിലെ പാകപ്പിഴയിലേക്കു വിരൽചൂണ്ടുന്നു. പുനർമൂല്യനിർണയ ഫല പട്ടികയിലെ ആദ്യ പേജുകളിൽ തന്നെ ഇതു വ്യക്തം. ആദ്യത്തെ ഏതാനും വരികളിലെ ഉദാഹരണങ്ങൾ– വിഷയം, മുൻപു ലഭിച്ച മാർക്ക്, പുതിയ മാർക്ക് എന്ന ക്രമത്തിൽ: കംപ്യൂട്ടർ സയൻസ്–24–54, അറബിക് 36–76, ഇംഗ്ലിഷ്–14–52, കംപ്യൂട്ടർ ആപ്ലിക്കേഷൻ–18–47, അക്കൗണ്ടൻസി–12–41, ഇംഗ്ലിഷ്–30––63.
ആദ്യ മൂല്യനിർണയത്തിൽ മാർക്ക് കൂട്ടിയെഴുതുമ്പോൾ പേജുകൾ അറിയാതെ മറിച്ചുപോകുക, ചില പേജുകൾ നോക്കാതെ വിട്ടുപോകുക തുടങ്ങിയ സംഭവങ്ങളിലാണ് ഇങ്ങനെ അധികം മാർക്ക് വരുന്നതെന്നു വിദഗ്ധർ പറയുന്നു.