ഇലക്ട്രിക് കാറുകൾക്ക് പണം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽനിന്ന്; 14 കാറുകൾ വാടകയ്ക്കെടുക്കുന്നത് അനെർട്ടിൽനിന്ന്
Mail This Article
തിരുവനന്തപുരം∙ സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനു പണം കണ്ടെത്താൻ സർക്കാർ പാടുപെടുമ്പോൾ ഇൗ പദ്ധതിയിൽ നിന്നു പണമെടുത്ത് വിദ്യാഭ്യാസ വകുപ്പ് 14 ഇലക്ട്രിക് കാറുകൾ വാടകയ്ക്കെടുക്കുന്നു. അനെർട്ടിൽ നിന്ന് 5 വർഷത്തേക്കു വാടകയ്ക്കെടുത്താണ് വിദ്യാഭ്യാസ ഉപ ഡയറക്ടർമാർക്കായി കാറുകൾ നൽകുന്നത്. കാറുകൾ ഇന്നു മന്ത്രി വി.ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്യും. സർക്കാരിൽ നിന്നു കൃത്യമായി ഫണ്ട് ലഭിക്കാത്തതിനാൽ സ്വന്തം പോക്കറ്റിൽ നിന്നു പണമെടുത്താണു പല സ്കൂളുകളിലെയും പ്രഥമാധ്യാപകർ കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണം നൽകുന്നത്.
ഉച്ചഭക്ഷണം, സ്കൂൾ ബസ് തുടങ്ങിയവയ്ക്കു സർക്കാർ കൃത്യമായി പണം നൽകാത്തതുമൂലം പ്രഥമാധ്യാപകർ വലിയ പ്രതിസന്ധിയാണു നേരിടുന്നത്. പ്രഥമാധ്യാപക സ്ഥാനക്കയറ്റം പലപ്പോഴും അധ്യാപകർ വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നു. ഇതിനു പുറമേ, കേന്ദ്രത്തിൽ നിന്നു സംസ്ഥാന സർക്കാരിനു കൃത്യമായി ഫണ്ട് ലഭിക്കുന്നുമില്ല. കൃത്യമായി പണം നൽകാത്തതിനാൽ വിദ്യാഭ്യാസ വകുപ്പിന് അരി നൽകാൻ സപ്ലൈകോയും മടിക്കുകയാണ്. അപ്പോഴാണ് 14 ഇലക്ട്രിക് കാറുകൾ വാടകയ്ക്കെടുക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി കാരണം കാറുകൾ വാങ്ങുന്നതിനു വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും കർശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണു ധനവകുപ്പ്. പകരം അത്യാവശ്യമെങ്കിൽ ഇലക്ട്രിക് കാറുകൾ വാടകയ്ക്കെടുക്കാം. ഇതു കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്നു ഭരണപരമായ കാര്യങ്ങൾക്കു പണം ചെലവഴിക്കാമെങ്കിലും ഇതുപയോഗിച്ച് കാർ വാടകയ്ക്കെടുക്കാൻ തീരുമാനിച്ചതിൽ ഞെട്ടിയിരിക്കുകയാണു മറ്റു വകുപ്പുകൾ.