തലകീഴായി മറിഞ്ഞ ലോറിക്ക് അടിയിൽ അകപ്പെട്ട ജീവനക്കാരിൽ ഒരാൾ മരിച്ചു
Mail This Article
മൂവാറ്റുപുഴ∙ തേനി – മൂവാറ്റുപുഴ റോഡിലെ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു തലകീഴായി മറിഞ്ഞ ലോറിയുടെ അടിയിൽ അകപ്പെട്ട ജീവനക്കാരിൽ ഒരാൾ മരിച്ചു. ലോറിയിലെ സഹായി ഈരാറ്റുപേട്ട തെക്കേക്കര കുഴിവേലി പറമ്പിൽ അബ്ദുൽ ലത്തീഫ് (50) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ ഈരാറ്റുപേട്ട നടക്കൽ സ്വദേശി വെങ്കടശേരി വി.എസ്. മാഹിനെ (38) കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി തൊടുപുഴ വാഴക്കുളത്തിനു സമീപമായിരുന്നു അപകടം.
തേനി – മൂവാറ്റുപുഴ കോട്ട റോഡിലെ രണ്ടാർകര ടാങ്ക് കവലയ്ക്കു സമീപം വെള്ളിയാഴ്ച രാത്രി 11.30നാണ് അപകടം. പെരുമ്പാവൂരിലെ തടിമില്ലിലേക്കു റബർത്തടി കയറ്റി എത്തിയ ലോറി ടാങ്ക് കവലയിലെ വളവോടു കൂടിയ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. പോസ്റ്റും വൈദ്യുതലൈനുകളും ലോറിയിലേക്കു പൊട്ടി വീണു.
ലോറിക്കടിയിൽ കുടുങ്ങിയ അബ്ദുൽ ലത്തീഫിനെയും മാഹിനെയും മൂവാറ്റുപുഴയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തിയും ലോറിയുടെ കാബിൻ വെട്ടിപ്പൊളിച്ചുമാണ് പുറത്തെടുത്തത്. ഉടനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അബ്ദുൽ ലത്തീഫിന്റെ ജീവൻ രക്ഷിക്കാനായില്ല.
മാഹിനെ ആദ്യം കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഈരാറ്റുപേട്ട തെക്കേക്കര മുഹിയുദീൻ മഹൽ അംഗമായിരുന്നു. അബ്ദുൽ ലത്തീഫിന്റെ ഭാര്യ ഷക്കില. മക്കൾ: അൻസർ, അൻസിൽ.