ഖരഗ്പുർ ഐഐടിയിലെ മലയാളി വിദ്യാർഥിനി മരിച്ച നിലയിൽ
Mail This Article
ഏവൂർ (ആലപ്പുഴ) ∙ ഖരഗ്പുർ ഐഐടി വിദ്യാർഥിനി ഏവൂർ വടക്ക് എടയ്ക്കല്ലൂർ ശിവസദനത്തിൽ ദേവിക പിള്ളയെ (21) ഹോസ്റ്റൽ കെട്ടിടത്തിന്റെ ചിമ്മിനിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബയോസയൻസ് ആൻഡ് ബയോടെക്നോളജി കോഴ്സിൽ നാലാം വർഷ വിദ്യാർഥിനി ആയിരുന്നു. ആത്മഹത്യയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ജീവനൊടുക്കാൻ കാരണമെന്താണെന്ന് ഐഐടി അധികൃതർക്കോ സഹപാഠികൾക്കോ അറിയില്ലെന്നു ബന്ധുക്കൾ പറഞ്ഞു.
-
Also Read
ഗ്യാപ് റോഡിൽ വീണ്ടും കാറിൽ അഭ്യാസപ്രകടനം
ഒഡീഷയിൽ ജിൻഡൽ സ്കൂളിൽ അധ്യാപകനായിരുന്ന പരേതനായ സുരേഷ് കുമാറിന്റെയും ഇവിടെ അധ്യാപികയായ ശ്രീലേഖ പിള്ളയുടെയും മകളാണ്. മൃതദേഹം നാട്ടിലെത്തിച്ച് ഏവൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ദേവിക മരിച്ചതായി തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് ഐഐടിയിൽ നിന്നു ശ്രീലേഖയെ അറിയിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു.
ഖരഗ്പുരിലെത്തിയപ്പോഴേക്കും മൃതദേഹം പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോയിരുന്നു. ഞായറാഴ്ച രാത്രി ദേവിക വീട്ടുകാരുമായി വിഡിയോ കോളിൽ സംസാരിച്ചിരുന്നു. അപ്പോൾ എന്തെങ്കിലും വിഷമമുള്ളതായി തോന്നിയില്ല. ദേവിക പഠനത്തിൽ നന്നായി ശ്രദ്ധിച്ചിരുന്നെന്നും എന്നാൽ, ഏതാനും ദിവസമായി അധികം സംസാരമില്ലായിരുന്നെന്നും കൂട്ടുകാർ അറിയിച്ചതായി സഹോദരൻ അമിതേഷ് കൃഷ്ണ പറഞ്ഞു. അമിതേഷ് ഒഡീഷയിൽ പ്ലസ് ടു വിദ്യാർഥിയാണ്. ദേവിക ജനിച്ചതും വളർന്നതും ഒഡീഷയിലാണ്. അവിടെ നിന്ന് ഇടയ്ക്കു നാട്ടിലെത്തുമ്പോൾ താമസിക്കാനായി 10 വർഷം മുൻപാണ് സുരേഷ് കുമാർ ഏവൂരിൽ വീട് വച്ചത്. ഈ വീട് പൂട്ടിയിട്ടിരിക്കുകയാണ്. 4 വർഷം മുൻപു സുരേഷ് കുമാർ മരിച്ചു.