ADVERTISEMENT

‘കൊച്ചി ∙ ഒന്നാം പിണറായി സർക്കാരിനെപ്പോലെ രണ്ടാം സർക്കാരിനെ ജനം സ്വീകരിച്ചിട്ടില്ലെന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിൽ വിലയിരുത്തൽ. ലോക്സഭാ തിരഞ്ഞെടുപ്പു പരാജയം സംബന്ധിച്ച സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ 2 ദിവസമായി ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സർക്കാരിനും പാർട്ടി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനങ്ങളുയർന്നു.

മകനെതിരായി ആരോപണമുയർന്നപ്പോൾ, അതു മകന്റെ കാര്യമാണെന്നും അവൻ നോക്കിക്കോളുമെന്നും തനിക്കോ, പാർട്ടിക്കോ അതിൽ പങ്കില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ മറുപടിയോടെ പാർട്ടിക്കെതിരെയുള്ള ആരോപണങ്ങൾ അവസാനിച്ചു. എന്നാൽ കരിമണൽ കമ്പനിയുമായുള്ള ബന്ധത്തിൽ അത്തരമൊരു മറുപടിയുണ്ടായില്ല. മകൾക്കെതിരായ വിമർശനങ്ങളോട് സമൂഹമാധ്യമത്തിലെങ്കിലും മുഖ്യമന്ത്രിക്കു പ്രതികരിക്കാമായിരുന്നു–യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. 

ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനു ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധവും തിരഞ്ഞെടുപ്പു ദിവസം അദ്ദേഹം നടത്തിയ വെളിപ്പെടുത്തലും രാജീവ് ചന്ദ്രശേഖർ മികച്ച സ്ഥാനാർഥിയാണെന്ന തുറന്നുപറച്ചിലും ഇടതുമുന്നണിയുടെ സാധ്യത കുറച്ചു. സിപിഎം മത്സരിക്കുന്നതു ചിഹ്നം നിലനിർത്താനാണെന്ന എ.കെ. ബാലന്റെ വാക്കുകൾക്കെതിരെയും വിമർശനമുയർന്നു. 

പാർട്ടിയുടെ പ്രചാരണം പൗരത്വ ഭേദഗതി വിഷയത്തിലും പലസ്തീൻ വിഷയത്തിലും ഒതുങ്ങി. ഇത് ന്യൂനപക്ഷ സമുദായങ്ങളെ അടുപ്പിച്ചുമില്ല, ഭൂരിപക്ഷ സമുദായങ്ങളിൽ സംശയമുണ്ടാക്കാനും ഇടവരുത്തി. പല മന്ത്രിമാരും പരാജയമാണ്. സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ സർക്കാരിനെതിരെ തിരിച്ചു. ക്ഷേമ പെൻഷനുകൾ ലഭിക്കാഞ്ഞതും കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയും പൊതു വിതരണ വകുപ്പിലെ വീഴ്ചകളും പരമ്പരാഗത തൊഴിൽ മേഖലയിലെ പ്രതിസന്ധിയും ദോഷമായി. എസ്എഫ്ഐ , ഡിവൈഎഫ്ഐ സംഘടനകളുടെ പ്രവർത്തനങ്ങൾ പലപ്പോഴും പാർട്ടിക്കു തലവേദനയായെന്നും വിലയിരുത്തലുണ്ടായി. മന്ത്രി പി. രാജീവ് ചർച്ചകൾക്കു മറുപടി പറഞ്ഞു. 

മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്കെതിരെയും വിമർശനം

പത്തനംതിട്ട ∙ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ ജില്ലാ കമ്മിറ്റി നേതാക്കൾ കൊടുക്കുന്ന കത്തുകൾപോലും പരിഗണിക്കുന്നില്ലെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലെ ചർച്ചയിൽ പരാതിയുയർന്നു. ജനങ്ങൾക്കിടയിൽ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടായി. പ്രചാരണത്തിൽനിന്ന് പ്രവർത്തകർ വിട്ടുനിൽക്കുന്ന സാഹചര്യവുമുണ്ടായി. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ 30,000 വോട്ടുകൾ ചോർന്നെന്ന വിലയിരുത്തലിലാണ് പാർട്ടി. തോമസ് ഐസക്കിനെതിരെ ചില നേതാക്കൾതന്നെ പ്രവർത്തിച്ചു. കേരള കോൺഗ്രസ് (എം) മുന്നണിയിൽ ചേർന്നത് മുൻപു നേട്ടമായെങ്കിലും ഇത്തവണ അതുണ്ടായില്ല. റാന്നി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ അസംബ്ലി മണ്ഡലങ്ങളിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെന്നും യോഗം കുറ്റപ്പെടുത്തി. 

English Summary:

'Chief minister Pinaryi Vijayan turned a blind eye to criticism against daughter': CPM Ernakulam District Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com