ഐഎഎസ് പ്രമോഷൻ കേസ്: തൃശൂർ വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കി
Mail This Article
കൊച്ചി∙ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കരിയറിൽ കളങ്കമുണ്ടാക്കുന്ന തരത്തിൽ തെറ്റായ പരാമർശങ്ങൾ നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ വിജിലൻസ് കോടതി ജഡ്ജിമാർക്കു ബാധ്യതയുണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കി. പ്രാഥമിക അന്വേഷണം പോലും അനാവശ്യമായി നേരിടേണ്ടി വരുന്നത് ഉദ്യോഗസ്ഥർക്കു ദുഷ്പേരുണ്ടാക്കും. അഴിമതി നിരോധന നിയമപ്രകാരം പ്രവർത്തിക്കുന്ന വിജിലൻസ് കോടതി ജഡ്ജിമാർ തങ്ങളുടെ ഉത്തരവാദിത്തം മനസ്സിലാക്കി ജാഗ്രതയോടെ പെരുമാറണമെന്നു കോടതി വ്യക്തമാക്കി.
ഐഎഎസ് പ്രമോഷൻ നിഷേധിച്ചതിൽ അഴിമതി ആരോപിച്ച് തൃശൂർ സ്വദേശി കെ.വി. മുരളീധരൻ നൽകിയ പരാതിയിൽ തൃശൂർ വിജിലൻസ് കോടതിയുടെ ത്വരിതാന്വേഷണ ഉത്തരവു റദ്ദാക്കിക്കൊണ്ടാണു ജസ്റ്റിസ് കെ. ബാബു ഇക്കാര്യം വ്യക്തമാക്കിയത്. റവന്യു അഡീ. ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ വിജിലൻസ് കോടതി വിധിയിലുള്ള പരാമർശം വസ്തുതാപരമായി ശരിയല്ലെന്നു കോടതി വിമർശിച്ചു. വിജിലൻസ് കോടതി ഉത്തരവു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സർക്കാരിനു വേണ്ടി വിജിലൻസ് ഡിവൈഎസ്പി നൽകിയ ഹർജി അനുവദിച്ചു കൊണ്ടാണു കോടതി നടപടി. അഴിമതിയാരോപണങ്ങൾ ലാഘവത്തോടെ കൈകാര്യം ചെയ്യരുതെന്നു താക്കീത് ചെയ്ത കോടതി, തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവു റദ്ദാക്കി.
1987ൽ ഡപ്യൂട്ടി കലക്ടറായി സർവീസിൽ കയറിൽ മുരളീധരൻ 2020 ലാണു വിരമിച്ചത്. സർവീസിലിരിക്കെ ആരംഭിച്ച അച്ചടക്ക നടപടി വിരമിച്ച ശേഷം അവസാനിപ്പിച്ചതിനെ തുടർന്ന് ഐഎഎസ് പ്രമോഷന് അപേക്ഷ നൽകിയെങ്കിലും തുടർനടപടി വച്ചു താമസിപ്പിച്ചു എന്നാണ് ആക്ഷേപം. അന്നത്തെ റവന്യു അഡീ. ചീഫ് സെക്രട്ടറി എ. ജയതിലക് ചീഫ് സെക്രട്ടറിക്കു ഫയൽ കൈമാറിയെങ്കിലും അന്നത്തെ ചീഫ് സെക്രട്ടറി യുപിഎസ്‌സിക്കു ഫയൽ അയച്ചില്ലെന്നും തിരക്കിയപ്പോൾ പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും മറ്റുമായിരുന്നു പരാതി.
എന്നാൽ, റവന്യു അഡീ. സെക്രട്ടറി പ്രമോഷൻ അപേക്ഷ ഫോർവേഡ് ചെയ്തില്ലെന്നു വിജിലൻസ് കോടതി വിലയിരുത്തിയതു തെറ്റാണെന്നു കോടതി വിലയിരുത്തി. വിജിലൻസ് കോടതി ജഡ്ജി വസ്തുതകൾ തെറ്റായാണു മനസ്സിലാക്കിയത്. ഒൗദ്യോഗിക ജീവിതത്തിൽ സത്യസന്ധത പുലർത്തിയ ഉദ്യോഗസ്ഥനു നാണക്കേട് ഉണ്ടാക്കുന്ന തരത്തിലുള്ള പരാമർശം അനുചിതവും ദൗർഭാഗ്യകരവുമാണെന്നു ഹൈക്കോടതി പറഞ്ഞു.
1998 മുതൽ പലതവണ ഐഎഎസിലേക്കു പരാതിക്കാരന്റെ പേര് സിലക്‌ഷൻ കമ്മിറ്റി പരിഗണിച്ചെങ്കിലും അച്ചടക്ക നടപടി നിലനിന്നതാണു തടസ്സമായതെന്ന് വിജിലൻസിനു വേണ്ടി സ്പെഷൽ ഗവൺമെന്റ് പ്ലീഡർ എ. രാജേഷ് അറിയിച്ചു.