ADVERTISEMENT

കൊല്ലം ∙ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്നും സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ ആവശ്യം.  ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരെ രണ്ടാമത്തെ ടേമിൽ മന്ത്രിയാക്കേണ്ടെന്നു തീരുമാനിച്ചതിനു പിന്നിൽ മുഖ്യമന്ത്രിക്കു രഹസ്യ അജൻഡ ഉണ്ടായിരുന്നെന്നും  ആരോപണം ഉയർന്നു.

  • Also Read

രണ്ടു തവണയിൽ കൂടുതൽ മത്സരിക്കേണ്ടെന്ന തീരുമാനവും നിഗൂഢമാണ്. ഇതൊന്നും ചോദ്യം ചെയ്യാൻ ഈ പാർട്ടിയിൽ ആരുമില്ലേയെന്നു ചോദിച്ച അംഗങ്ങൾ കേന്ദ്ര കമ്മിറ്റിക്കു പോലും സംസ്ഥാനത്തെ പാർട്ടിയിലും ഭരണത്തിലും നിയന്ത്രണമില്ലെന്നും തുറന്നടിച്ചു. പാർട്ടിയും ഭരണവും കണ്ണൂർ ലോബി പിടിച്ചെടുത്തുവെന്ന വിമർശനവുമുണ്ടായി. 

‘മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും എൽഡിഎഫ് കൺവീനറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും വിവിധ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുമെല്ലാം കണ്ണൂരിൽനിന്നാണ്. തുടർഭരണം കിട്ടിയതോടെ മുഖ്യമന്ത്രിയുടെ മുഖം അഹങ്കാരത്തിന്റേതായി.

മൈക്ക് ഓപ്പറേറ്ററോടു മാത്രമല്ല, ചടങ്ങിന്റെ അവതാരകയോടുപോലും മുഖ്യമന്ത്രി തട്ടിക്കയറുന്നു. ഇടതുപക്ഷ സഹയാത്രികനായ ഗീവർഗീസ് മാർ കൂറിലോസ് ചെറിയൊരു വിമർശനം നടത്തിയപ്പോൾ മുഖ്യമന്ത്രി പ്രതികരിച്ചത് അങ്ങേയറ്റം ധിക്കാരവും അഹങ്കാരവും നിറഞ്ഞ ഭാഷയിലാണ്.

ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളെപ്പോലെ കഴിവുള്ള മന്ത്രിമാരാരും ഇപ്പോഴത്തെ സർക്കാരിൽ ഇല്ല. മുഖ്യമന്ത്രി മാത്രം തുടർന്നപ്പോൾ ധനവകുപ്പിൽ ടി.എം.തോമസ് ഐസക്കിനെയെങ്കിലും നിലനിർത്തണമായിരുന്നു. ആർ.ബിന്ദുവിന്റെ മന്ത്രിസ്ഥാനം ബന്ധുനിയമനമായിരുന്നു.

ലോക്നാഥ് ബെഹ്റയെപ്പോലുള്ള ഉദ്യോഗസ്ഥരെ നിലനിർത്തുന്നത് ആരുടെ താൽപര്യമാണ്? സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ഇ.പി.ജയരാജൻ തുടങ്ങിയവർക്കെതിരെയും രൂക്ഷവിമർശനം ഉയർന്നു. ‘ഏറ്റവും മെച്ചപ്പെട്ട ചർച്ച’ എന്ന വിശേഷത്തോടെയാണ് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി മറുപടി പ്രസംഗം ആരംഭിച്ചത്. അടിമുതൽ മുടിവരെ തിരുത്തൽ പ്രക്രിയയ്ക്ക് വിധേയമാക്കുമെന്നും ബേബി പറഞ്ഞു.

English Summary:

Chief Minister should vacate Home Department: Criticism in Kollam CPM meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com