ഡിജിപിക്കെതിരെ കോടതിവിധി; 10.8 സെന്റ് ജപ്തി ചെയ്തു
Mail This Article
തിരുവനന്തപുരം ∙ ഭൂമി വിൽക്കാനായി 74 ലക്ഷം രൂപയുടെ കരാർ ഉണ്ടാക്കുകയും 30 ലക്ഷം രൂപ മുൻകൂറായി വാങ്ങുകയും ചെയ്ത ശേഷം കരാർ ലംഘിച്ചതിന് സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബിനും ഭാര്യയ്ക്കും എതിരെ കോടതിവിധി. 10.8 സെന്റ് വരുന്ന ഭൂമി, വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കോടതി ജപ്തി ചെയ്തു. പണം തിരികെനൽകുമ്പോൾ ജപ്തി ഒഴിവാകുമെന്നാണു വ്യവസ്ഥ.
ഭൂമി വാങ്ങാൻ കരാർ ഒപ്പിട്ട വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം അഡീഷനൽ സബ് കോടതി സബ് ജഡ്ജി അനു ടി.തോമസ് വിധി പ്രസ്താവിച്ചത്. ഡിജിപിയുടെ ഭാര്യ എസ്.ഫരീദാ ഫാത്തിമയുടെ പേരിൽ പേരൂർക്കട വില്ലേജിലെ ബ്ലോക്ക് നമ്പർ 23ൽ റീസർവേ നമ്പർ 140/3 ആയി ഉള്ള ഭൂമി വിൽക്കാൻ 2023 ജൂൺ 22നാണ് വഴുതക്കാട് സ്വദേശി ടി.ഉമർ ഷെരീഫുമായി കരാർ ഒപ്പിട്ടതെന്നു പരാതിയിൽ പറഞ്ഞു.
പരാതിക്കാരൻ നടത്തിയ അന്വേഷണത്തിൽ ഇതേ ഭൂമി പൊതുമേഖലാ ബാങ്കിൽ പണയത്തിലാണെന്നും 26 ലക്ഷം ബാധ്യത ഉണ്ടെന്നും മനസ്സിലാക്കി. പലിശയും ചെലവും ഉൾപ്പെടെ 33.35 ലക്ഷം രൂപ ആവശ്യപ്പെട്ട് അഡ്വ.ഡി.അശോക് കുമാർ മുഖേന കോടതിയെ സമീപിച്ചു. മേയ് 28ന് ആണു ഭൂമിയിൽ ജപ്തി നോട്ടിസ് പതിച്ചത്.