വ്യാജ ഗെയിമിങ്, ട്രേഡിങ്: ഒറ്റ ആഴ്ച മലയാളികളിൽ നിന്ന് തട്ടിയത് 1.95 കോടി
Mail This Article
തൃശൂർ∙ കഴിഞ്ഞ ഒരാഴ്ച മാത്രം വ്യാജ ഓൺലൈൻ ഗെയിമിങ്, ട്രേഡിങ്, ക്രിപ്റ്റോ തട്ടിപ്പുകളിൽപ്പെട്ട് മലയാളികൾക്ക് നഷ്ടമായത് 1.95 കോടി രൂപ. ഈ കാലയളവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ സാമ്പത്തികത്തട്ടിപ്പുകൾ റജിസ്റ്റർ ചെയ്യപ്പെട്ടത് തൃശൂർ സിറ്റി പൊലീസ് പരിധിയിൽ– 6 കേസുകൾ. 4 കേസുകളുമായി തിരുവനന്തപുരം സിറ്റി പിന്നാലെയുണ്ട്. വളരെക്കുറച്ച് ഇരകൾ മാത്രമേ പരാതിയുമായി മുന്നോട്ടു വരുന്നുള്ളൂ എന്നും അതിനാൽ തട്ടിപ്പിന്റെ വ്യാപ്തി ഇതിലേറെയാണെന്നും പൊലീസ് അധികൃതർ പറഞ്ഞു.
രാജ്യാന്തര കമ്പനിയുടെ പ്രാഥമിക ഓഹരി വിൽപനയിലൂടെ ഇരട്ടിലാഭം നേടാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തൃശൂർ കുരിയച്ചിറയിലെ മുതിർന്ന പൗരനിൽ നിന്ന് 41 ലക്ഷം രൂപ കവർന്നത്. ‘അനാന്റ ക്യാപിറ്റൽ’ എന്ന സൈറ്റ് വഴിയും ‘അപർണ ഗുപ്ത’ എന്ന ടെലിഗ്രാം അക്കൗണ്ട് വഴിയുമാണ് പത്തു തവണകളായി പല അക്കൗണ്ടുകളിൽ നിന്ന് 44 ലക്ഷം വാങ്ങിയത്.
ആദ്യഘട്ടത്തിൽ ലാഭവിഹിതമെന്ന് പറഞ്ഞ് മൂന്നു ലക്ഷത്തോളം രൂപ തിരികെ കൊടുത്തു വിശ്വാസമാർജിച്ച ശേഷമായിരുന്നു കൂടുതൽ തുക വാങ്ങിയെടുത്തത്. പിന്നീട് സൈറ്റിൽ നിന്ന് വിവരങ്ങളൊന്നും കിട്ടാതായപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയത്. ഇടപാടുകൾ പൂർണമായും ടെലിഗ്രാം ആപ് വഴിയായിരുന്നു.
കൊല്ലം ചാത്തന്നൂർ സ്വദേശിയായ റിട്ട.സർക്കാർ ഉദ്യോഗസ്ഥന് ചതി പറ്റിയത് സ്റ്റോക്ക് മാർക്കറ്റ് വിന്നേഴ്സ് ക്ലബ് 48, സ്റ്റോക് മാർക്കറ്റ് റിസർച് ഗ്രൂപ്പ് 48 എന്നീ വാട്സാപ് ഗ്രൂപ്പുകളിൽ അംഗമാകുക വഴിയാണ്.ദിവസവും 5 ശതമാനം മൂല്യം ഉയർത്തുന്ന ബുൾ സ്റ്റോക്കുകൾ പരിചയപ്പെടുത്താമെന്നു പറഞ്ഞാണ് വിവിധ ലിങ്കുകൾ അയച്ചുകൊടുത്തത്. അദ്ദേഹത്തിനു നഷ്ടപ്പെട്ടത് 18.5 ലക്ഷം രൂപയാണ്.