പൊലീസ് മേധാവിയുടെ ഭൂമിയിടപാട്: ജപ്തി വിവരം ഭൂരേഖകളിൽ ചേർത്തു
Mail This Article
തിരുവനന്തപുരം ∙ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബിനും ഭാര്യയ്ക്കും എതിരായ കോടതി വിധിയെ തുടർന്ന് റജിസ്ട്രേഷൻ, റവന്യു വകുപ്പുകൾ ഭൂമിയുടെ രേഖകൾ തിരുത്തി. 74 ലക്ഷം രൂപയ്ക്കു ഭൂമി വിൽക്കാൻ സമ്മതിക്കുകയും മുൻകൂറായി 30 ലക്ഷം വാങ്ങുകയും ചെയ്ത ശേഷം ഡിജിപിയും ഭാര്യയും കരാർ വ്യവസ്ഥകൾ ലംഘിച്ചെന്ന പരാതിയെ തുടർന്ന് വ്യവസ്ഥകളോടെ ഭൂമി ജപ്തി ചെയ്യാൻ തിരുവനന്തപുരം അഡീഷനൽ സബ് കോടതി മേയ് 25ന് ഉത്തരവിട്ടിരുന്നു.
ഇതിന്റെ തുടർച്ചയായി കോടതി 2 വകുപ്പുകളെയും ഇക്കാര്യം പ്രത്യേക നോട്ടിസ് മുഖേന അറിയിച്ചു. തുടർന്ന് പേരൂർക്കട വില്ലേജ് ഓഫിസിൽ ഭൂമിയുടെ തണ്ടപ്പേർ റജിസ്റ്ററിൽ ജപ്തിയുടെ കാര്യവും ശാസ്തമംഗലം സബ് റജിസ്ട്രാർ ഓഫിസിലെ ഭൂരേഖകളിൽ നിരോധന ഉത്തരവ് ഉണ്ടെന്ന കാര്യവും രേഖപ്പെടുത്തി. ഡിജിപിയുടെ ഭാര്യ എസ്.ഫരീദ ഫാത്തിമയുടെ പേരിൽ പേരൂർക്കട വില്ലേജിൽ വട്ടിയൂർക്കാവ് മണികണ്ഠേശ്വരത്ത് ഉള്ള 10.8 സെന്റ് ഭൂമിയുടെ രേഖകളിലാണു വിവരങ്ങൾ രേഖപ്പെടുത്തിയത്.