വയനാട്ടിലെ 3 സ്കൂളുകളിൽ ‘യുപി’ ഇല്ലാ ദുരിതം തീരുന്നു

Mail This Article
കോഴിക്കോട് / കൊച്ചി/ തിരുവനന്തപുരം ∙ വയനാട് ജില്ലയിൽ എൽപി വിഭാഗവും ഹൈസ്കൂൾ വിഭാഗവുമുണ്ടായിട്ടും യുപി വിഭാഗം ഇല്ലാതിരുന്ന 3 സ്കൂളുകളിൽ യുപി അനുവദിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. വീടിനടുത്തുള്ള സ്കൂളിൽ നിന്നു നാലാം ക്ലാസ് ജയിച്ചാൽ അഞ്ചിൽ ചേരാൻ കാടും മേടും കടന്ന് അഞ്ചും ആറും കിലോമീറ്റർ താണ്ടേണ്ട ദുരിതത്തിനാണു പരിഹാരമാകുന്നത്.
വയനാട് പൂതാടി പഞ്ചായത്തിലെ അതിരാറ്റുകുന്ന് ഗവ.ഹൈസ്കൂൾ, വാളവയൽ ഗവ.ഹൈസ്കൂൾ, മാനന്തവാടി വെള്ളമുണ്ട പുളിഞ്ഞാൽ ഗവ.ഹൈസ്കൂൾ എന്നിവയിലാണു യുപി വിഭാഗം ആരംഭിക്കാൻ അനുമതിയായത്. ഈ വർഷം അഞ്ചാം ക്ലാസും തുടർവർഷങ്ങളിൽ 6,7 ക്ലാസുകളും ആരംഭിക്കാനാണ് അനുമതി. സംരക്ഷിത അധ്യാപകരുടെ സേവനം ഉൾപ്പെടുത്തി ബ്രിജ് കോഴ്സായാകും ഇതാരംഭിക്കുക.
കിലോമീറ്ററുകൾ അകലെയുള്ള യുപി സ്കൂളുകളിൽ പോയി ഏഴാം ക്ലാസ് പൂർത്തിയാക്കിയാൽ മാത്രമേ ഇവിടങ്ങളിലെ വിദ്യാർഥികൾക്ക് എട്ടാം ക്ലാസിൽ ചേരാൻ നാട്ടിലെ ഹൈസ്കൂളുകളിലേക്കു തിരികെയെത്താനായിരുന്നുള്ളൂ. ഈ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ദുരിതത്തെക്കുറിച്ചു മലയാള മനോരമ ജൂൺ 7നു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
എൽപി വിഭാഗം മാത്രമുണ്ടായിരുന്ന ഈ സ്കൂളുകളിൽ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (ആർഎംഎസ്എ) പ്രകാരമാണു വർഷങ്ങൾക്കു മുൻപു ഹൈസ്കൂൾ ലഭിച്ചത്. യുപി ഇല്ലാതെ ഹൈസ്കൂൾ അനുവദിക്കുന്നത് അശാസ്ത്രീയമാണെന്നു രക്ഷാകർത്താക്കളും അധ്യാപകരും അന്നു തൊട്ടേ ചൂണ്ടിക്കാട്ടിയിരുന്നു. യുപി വിഭാഗം പ്രവർത്തിക്കാൻ ആവശ്യത്തിനു കെട്ടിടങ്ങൾ ഉണ്ടായിട്ടും അനുകൂല തീരുമാനം വൈകി. പുതിയ തീരുമാനത്തോടെ നൂറുകണക്കിനു വിദ്യാർഥികൾക്ക് ഒന്നു മുതൽ 10 വരെ വീടിനടുത്ത സ്കൂളിൽ പഠിക്കാൻ അവസരമൊരുങ്ങും.