കെഎസ്‌യു പ്രവർത്തകന് ഇടിമുറിക്കുള്ളിൽ മർദനം: എസ്എഫ്ഐക്ക് അനുകൂലമായി സർവകലാശാല റിപ്പോർട്ട്
Mail This Article
തിരുവനന്തപുരം∙ കാര്യവട്ടം ക്യാംപസിൽ കെഎസ്‌യു ജില്ലാ ജോയിന്റ് സെക്രട്ടറി സാൻജോസിനെ ഇടിമുറിക്കുള്ളിൽ കയറ്റി എസ്എഫ്ഐ പ്രവർത്തകർ മർദിച്ച സംഭവത്തിൽ എസ്എഫ്ഐക്ക് അനുകൂലമായി സർവകലാശാല അന്വേഷണ റിപ്പോർട്ട്. റജിസ്ട്രാർ നിയോഗിച്ച മൂന്നംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് വൈസ് ചാൻസലർക്കു കൈമാറി. സാൻജോസിനെ മുറിയിൽ കൊണ്ടുപോയിട്ടില്ലെന്നും റിസർച് സ്കോളറിന് അനുവദിച്ച മുറി അടച്ചിട്ടിരിക്കുകയായിരുന്നു എന്നുമാണു റിപ്പോർട്ടിലുള്ളത്.
അക്വാറ്റിക് ബയോളജി വിഭാഗത്തിലെ വിദ്യാർഥിയാണ് 121ാം നമ്പർ മുറിയിൽ താമസിച്ചിരുന്നത്. വിദ്യാർഥി കോൺഫറൻസിൽ പങ്കെടുക്കാൻ പോയതിനാൽ അന്നു മുറി അടച്ചിരുന്നു. പുറത്തുനിന്ന് 3 പേർ ൈബക്കിൽ ക്യാംപസിൽ വന്നിരുന്നു. ഇതിൽ 2 പേർ മടങ്ങി പോകുമ്പോൾ അവരുടെ ബൈക്ക് വിദ്യാർഥികൾ തടയുകയും താക്കോൽ ഊരിയെടുക്കുകയും ചെയ്തു. ഇതിനെത്തുടർന്നുള്ള തർക്കമാണു സംഘർഷത്തിൽ കലാശിച്ചത്. ഹോസ്റ്റലിലെ എസ്എഫ്ഐ–കെഎസ്‌യു വിദ്യാർഥികൾ ഇടനാഴിയിൽ ഏറ്റുമുട്ടിയതോടെ ജനലിന്റെ ചില്ല് പൊട്ടിയിട്ടുണ്ട്.
ബൈക്ക് ഓടിച്ചിരുന്ന ജോബിൻസുമായാണു സംഘർഷമുണ്ടായത്. സാൻജോസിനെ മർദിച്ചതിനു സ്ഥിരീകരണമില്ല. മെഡിക്കൽ രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സാക്ഷി മൊഴികൾ അടിസ്ഥാനമാക്കിയാണ് അന്വേഷണ റിപ്പോർട്ട് തയാറാക്കിയതെന്നാണു വിശദീകരണം.