ADVERTISEMENT

എടപ്പാൾ (മലപ്പുറം) ∙ നിർമാണം നടക്കുന്ന കെട്ടിടത്തിലേക്കുള്ള ഇലക്ട്രിക്കൽ സാധനങ്ങൾ ഇറക്കുകയായിരുന്ന തൊഴിലാളികൾക്കു നേരെ നോക്കുകൂലി ആവശ്യപ്പെട്ടു സിഐടിയു പ്രവർത്തകരായ ചുമട്ടുതൊഴിലാളികളുടെ ആക്രമണം. മർദനം ഭയന്നു കെട്ടിടത്തിൽനിന്നു ചാടിയ തൊഴിലാളി കൊല്ലം പത്തനാപുരം പാതിരിക്കൽ ലക്ഷംവീട് സ്വദേശി ഫയാസ് ഷാജഹാനെ (22) ഇരുകാലുകളും ഒടിഞ്ഞ നിലയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടാലറിയാവുന്ന 10 സിഐടിയു പ്രവർത്തകർക്കെതിരെ കേസെടുത്തതായി ചങ്ങരംകുളം പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച രാത്രി 11.30ന് എടപ്പാൾ പട്ടാമ്പി റോഡിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വയറിങ് ജോലികൾക്കായി ഇലക്ട്രിക്കൽ സാധനങ്ങളുമായി ലോറി എത്തിയതോടെയാണു സംഭവങ്ങളുടെ തുടക്കം. ഇത് ഇറക്കാനായി ഫയാസും ഇതരസംസ്ഥാന തൊഴിലാളികളുമടക്കം 9 പേർ സ്ഥലത്തു   ണ്ടായിരുന്നു.

വാഹനം കെട്ടിടത്തിന്റെ വളപ്പിലേക്കു കയറ്റി ഗേറ്റടച്ച ശേഷം ഇവർ ജോലി തുടങ്ങി. ഇതിനിടെ, ഗേറ്റ് തള്ളിത്തുറന്നു മുപ്പതോളം ചുമട്ടുതൊഴിലാളികൾ എത്തി. സാധനങ്ങൾ ഇറക്കാൻ ആരാണ് അനുവാദം നൽകിയതെന്നു ചോദിച്ച്, വന്നവരിൽ ചിലർ മർദനം തുടങ്ങിയതോടെ തൊഴിലാളികൾ ചിതറിയോടി. മർദനത്തിൽനിന്നു രക്ഷപ്പെടാനായി ആറാം നിലയിലേക്ക് ഓടിക്കയറിയ ഫയാസ്, പെയിന്റിങ്ങിനായി കെട്ടിടത്തിൽ ഘടിപ്പിച്ചിരുന്ന കമ്പിയിൽ പിടിച്ചു താഴേക്ക് ഇറങ്ങാൻ ശ്രമിച്ചു. ഇടയ്ക്കുവച്ച്, തൊട്ടടുത്തുള്ള മൂന്നുനില കെട്ടിടത്തിന്റെ രണ്ടാംനിലയിലെ ഇരുമ്പുഗോവണിയിലേക്കു ചാടിയെങ്കിലും രണ്ടു കാലുകളും ഒടിയുകയായിരുന്നു. 

ഫയാസ് വീണ വിവരം മറ്റാരും അറിഞ്ഞിരുന്നില്ല. തൊഴിലാളികൾ വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ കെട്ടിടം ഉടമയോടും ചുമട്ടുതൊഴിലാളികൾ കയർത്തു സംസാരിച്ചു.

ജോലികൾ കരാർ നൽകിയിരിക്കുകയാണെന്നും ഇറക്കിയ സാമഗ്രികൾക്കുള്ള കൂലിത്തുക നൽകാമെന്നും ഉടമ അറിയിച്ചെങ്കിലും സിഐടിയു പ്രവർത്തകർ വഴങ്ങിയില്ല. ഒടുവിൽ ചങ്ങരംകുളം പൊലീസും സ്ഥലത്തെത്തി. തുടർന്നു യൂണിയൻ നേതാക്കൾ കെട്ടിട ഉടമയുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണു രംഗം ശാന്തമായത്.

ഇതിനു ശേഷമാണു വീണുകിടക്കുകയായിരുന്ന ഫയാസിന്റെ നിലവിളി തൊഴിലാളികൾ കേട്ടത്. ഉടൻ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ  കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. സിഐടിയു പ്രവർത്തകർ പട്ടികയും ട്യൂബ് ലൈറ്റുകളും ഉപയോഗിച്ച് ആക്രമിച്ചെന്നും ഫയാസ് മൊഴി നൽകിയിട്ടുണ്ട്.

English Summary:

Worker fearing CITU attack, jumped from the building and broke his legs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com