ADVERTISEMENT

കോട്ടയം ∙ അമ്മയെക്കുറിച്ചുള്ള സോജൻ ജോസഫിന്റെ ഓർമകൾക്ക് റോസാപ്പൂവിന്റെ നിറവും ഗന്ധവും. യുകെയിലെ ആഷ്ഫഡിൽ ലേബർ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചപ്പോഴും ചിഹ്നം റോസാപ്പൂവായിരുന്നു. വിജയഗന്ധം തൂകി രണ്ടും വാടാതെ നിന്നു; നാട്ടിലെ അമ്മയുടെ കല്ലറയിലും ആഷ്ഫഡിലെ ജനമനസ്സിലും. ‘തിരഞ്ഞെടുപ്പിൽ അവന്റെ ചിഹ്നം റോസാപ്പൂവായിരുന്നു. അമ്മയ്ക്ക് ഒരു റോസാപ്പൂ കൊടുക്കണേ എന്ന് അവൻ പറഞ്ഞു. ഞാനതു കഴിഞ്ഞദിവസം കല്ലറയിൽ കൊണ്ടുവച്ചു’– സിജോയുടെ പിതാവ് ജോസഫിന്റെ (86) വാക്കുകൾ മുറിഞ്ഞു.

കോട്ടയം കൈപ്പുഴ ഓണംതുരുത്ത് ചാമക്കാല (ആഞ്ഞേൽ) വീട്ടിൽ കർഷകനായ സി.ടി.ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും 7 മക്കളിൽ ഇളയവനാണു സോജൻ ജോസഫ് (49). കൈപ്പുഴ സെന്റ് ജോർജ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രി മാന്നാനം കെഇ കോളജിലും ബിഎസ്‌സി നഴ്സിങ് ബെംഗളൂരു ബി.ആർ.അംബേദ്കർ മെഡിക്കൽ കോളജിലും പഠിച്ചു. 2001 ൽ ആണു യുകെയിലേക്കു പോയത്. 2002 ൽ ഇരിങ്ങാലക്കുട സ്വദേശിനിയും യുകെയിൽ നഴ്സുമായ ബ്രിറ്റയെ വിവാഹം ചെയ്തു. മക്കൾ: വിദ്യാർഥികളായ ഹന്ന, സാറ, മാത്യു.

‘എനിക്ക് ഇതിൽപരം സന്തോഷം ഉണ്ടാകാനില്ല. എന്റെ പ്രാർഥന കൊണ്ടു കൂടിയാ ഇത്. ഇനി യുകെയിലെ എംപിയുടെ അപ്പനാ’- ജോസഫിന് ആനന്ദക്കണ്ണീർ.

തിരഞ്ഞെടുപ്പ് ഫലം ഇന്നലെ വരുമെന്ന് അറിയാമായിരുന്നതു കൊണ്ട് സമീപത്തും കാണക്കാരി, ഉഴവൂർ എന്നിവിടങ്ങളിലുമുള്ള സഹോദരീസഹോദരന്മാരെല്ലാം രാവിലെ തന്നെ വീട്ടിൽ എത്തിയിരുന്നു. 

‘ഫലം അറിഞ്ഞ ഉടൻ സോജൻ ഇങ്ങോട്ടു വിളിച്ചു. ഉറങ്ങിയിട്ട് 2 ദിവസമായി. ഒന്നുറങ്ങാൻ പോകുകയാണെന്നും പറഞ്ഞു’- സഹോദരൻ സൈമൺ പറഞ്ഞു.

സോജന്റെ മൂത്ത സഹോദരി സിബിയും ആഷ്ഫഡിൽ നഴ്സാണ്. ‘സോജന്റെ 3 മക്കളും അവധി ആഘോഷിക്കാൻ അമേരിക്കയിൽ പോയിരിക്കുകയാ.  മൂത്ത മകൾ ഹന്ന പോസ്റ്റൽ വോട്ട് ചെയ്തിട്ടാ പോയത്.’- സഹോദരിയും റിട്ട. അധ്യാപികയുമായ ആലീസ് പറഞ്ഞു.

English Summary:

Writeup about Sojan Joseph Keralite elected to the British Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com