അഞ്ചുവയസ്സുകാരന്റെ കരൾമാറ്റ ശസ്ത്രക്രിയ വിജയം
Mail This Article
കോട്ടയം ∙ അമ്മയുടെ കരൾ അഞ്ചു വയസ്സുകാരനിൽ തുടിച്ചുതുടങ്ങി. 11 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ചരിത്രം രചിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി. ഇതോടെ സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളജിൽ ഏറ്റവും പ്രായം കുറഞ്ഞ ആളുടെ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്ന നേട്ടവും കോട്ടയം മെഡിക്കൽ കോളജിനു സ്വന്തമായി.
മലപ്പുറം തിരൂർ സ്വദേശിയായ ആൺകുട്ടിക്കാണ് കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ. ആർ.എസ്.സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘം പുതുജീവൻ നൽകിയത്. ഇരുപത്തഞ്ചുകാരിയായ അമ്മയുടെ കരളിന്റെ ഒരു ഭാഗമാണ് മകന്റെ ശരീരത്തിൽ തുന്നിച്ചേർത്തത്. ജന്മനാ കരൾരോഗബാധിതനായിരുന്ന കുട്ടിയുമായി മാതാപിതാക്കൾ പല ആശുപത്രികളിലും പോയി. കരൾ മാറ്റിവയ്ക്കൽ അല്ലാതെ മറ്റു മാർഗമില്ലെന്നു വിധിയെഴുതി. എന്നാൽ പല കാരണങ്ങളാൽ ചികിത്സ നടത്താൻ കഴിഞ്ഞില്ല. ഇതിനിടയിൽ പിതാവ് മരിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് കോട്ടയം മെഡിക്കൽ കോളജിലെത്തിയത്.
-
Also Read
സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്നു
കരൾ പകുത്തു നൽകാൻ അമ്മ തന്നെ മുന്നോട്ടു വന്നതോടെ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു ശസ്ത്രക്രിയ. ഇപ്പോൾ തൊറാസിക് വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി. അമ്മയെ ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ ഐസിയുവിലേക്കു മാറ്റിയിരുന്നു. കുട്ടികളിലെ കരൾമാറ്റ ശസ്ത്രക്രിയ അതിസങ്കീർണമാണ്. ഇതാണ് കോട്ടയം മെഡിക്കൽ കോളജിൽ വിജയകരമായി പൂർത്തീകരിച്ചത്.
സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളജിൽ പ്രായം കുറഞ്ഞ കുട്ടികളിൽ നടന്ന ആദ്യത്തെ കരൾമാറ്റ ശസ്ത്രക്രിയയാണിത്. അനസ്തീസിയ വിഭാഗം മേധാവി ഡോ.ലത, റേഡിയോളജി വിഭാഗം മേധാവി ഡോ. സജിത, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി.ജയപ്രകാശ്, ഡോ.സിറിൽ, ഡോ.സന്ദേശ്, എറണാകുളം അമൃത ആശുപത്രിയിലെ ലിവർ ട്രാൻപ്ലാന്റ് വിഭാഗം മേധാവി ഡോ. സുധീന്ദ്രൻ, ഡോ. ഉണ്ണിക്കൃഷ്ണൻ എന്നിവരും ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി.പുന്നൂസ്, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് ശസ്ത്രക്രിയ പൂർത്തീകരിച്ചത്.
ഗ്യാസ്ടോ എൻട്രോളജി വിഭാഗത്തിൽ ഡോ.ആർ.എസ്.സിന്ധുവിന്റെ നേതൃത്വത്തിൽ നടക്കുന്ന ആറാമത്തെ കരൾ മാറ്റ ശസ്ത്രക്രിയയാണിത്. 2022 ഫെബ്രുവരിയിലാണ് കോട്ടയം മെഡിക്കൽ കോളജിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ലിവർ ട്രാൻസ്പ്ലാന്റേഷൻ ആരംഭിക്കുന്നത്. ശസ്ത്രക്രിയയിൽ പങ്കെടുത്ത ടീമിനെ മന്ത്രിമാരായ വീണാ ജോർജും വി.എൻ.വാസവനും അഭിനന്ദിച്ചു. മെഡിക്കൽ കോളജിന്റെ കൂട്ടായ പ്രവർത്തനം മൂലമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതെന്നു ഡോ. ആർ.എസ്.സിന്ധു പറഞ്ഞു.