‘പ്രസ്താവനകൾ പദവിക്കു യോജിച്ചത് ആണോ എന്നു പരിശോധിക്കണം’; ബിനോയ് വിശ്വത്തിനെതിരെ എ.എ.റഹീം

Mail This Article
തിരുവനന്തപുരം∙ എസ്എഫ്ഐക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തുന്ന പ്രസ്താവനകൾ അദ്ദേഹത്തിന്റെ പദവിക്കു യോജിച്ചതാണോ എന്നു പരിശോധിക്കണമെന്നു ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീം എംപി. ബിനോയ് വിശ്വം മറ്റൊരു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായതിനാൽ അദ്ദേഹത്തിന് അഭിപ്രായ പ്രകടനം നടത്താം. പറഞ്ഞ കാര്യങ്ങൾ വസ്തുതാപരമാണോ എന്നും അദ്ദേഹം പരിശോധിക്കണം. ബിനോയ് വിശ്വത്തെ തിരുത്തുന്നതിന് അപ്പുറത്ത് ഇടതുപക്ഷത്തിനു വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് അദ്ദേഹം മനസ്സിലാക്കണമെന്നും ഏറ്റുമുട്ടലിലേക്കു പോകുന്നില്ലെന്നും റഹീം പറഞ്ഞു.
സംസ്ഥാനത്ത് എസ്എഫ്ഐ ഇടിമുറി നടത്തുന്നവരല്ല. ക്രിയാത്മകമായി പ്രവർത്തിക്കുന്നവരാണ്. തിരുവനന്തപുരം എംജി കോളജിൽ മാധ്യമങ്ങൾ പോകാത്തതെന്താണ്? കേരളത്തിലെ കലാലയങ്ങളിൽ വർഗീയ ശക്തികൾ കടന്നുവരാത്തത് എസ്എഫ്ഐ ഉള്ളതു കൊണ്ടാണ്. എന്തെങ്കിലും പിശകുണ്ടെങ്കിൽ അതു പ്രായത്തിന്റേതാണെന്നും റഹീം പറഞ്ഞു.
കോൺഗ്രസ് കൂടോത്ര പാർട്ടിയായി. പ്രിയങ്ക ഗാന്ധിക്കു കൂടോത്രം ഏൽക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കാൻ രാഹുൽ ഗാന്ധിക്കു മുന്നറിയിപ്പ് നൽകുന്നു. കെപിസിസി പ്രസിഡന്റിന്റെ അവസ്ഥ ഇതാണെങ്കിൽ മണ്ഡലം പ്രസിഡന്റിന്റെയും മറ്റുള്ളവരുടെയും അവസ്ഥ എന്തായിരിക്കും? കൂടോത്രം ഉൾപ്പെടെ അന്ധവിശ്വാസങ്ങൾക്കെതിരെ ഡിവൈഎഫ്ഐ പ്രചാരണം നടത്തുമെന്നും റഹീം പറഞ്ഞു. നീറ്റ്-നെറ്റ് വിഷയത്തിൽ ഡിവൈഎഫ്ഐ രാജ്യവ്യാപകമായി വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും യോജിക്കാൻ പറ്റുന്നവരെയെല്ലാം പ്രതിഷേധത്തിന്റെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു.