യാത്ര, ബെഞ്ചമിൻ ബെയ്‌ലിയുടെ അന്ത്യവിശ്രമസ്ഥലത്തേക്ക്; അപൂർവം ഈ അനുഭവം
Mail This Article
∙ മലയാള ഭാഷയിലെ അച്ചടിയുടെ പിതാവ് ബെഞ്ചമിൻ ബെയ്‌ലി അന്ത്യവിശ്രമം കൊള്ളുന്ന ഇംഗ്ലണ്ടിലെ സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾസ് ആംഗ്ലിക്കൻ ദേവലാലയത്തിലേക്കൊരു തീർഥയാത്ര. അപൂർവമായിരുന്നു ആ അനുഭവം. കോട്ടയം ജില്ല 75–ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിലായിരുന്നു ഈ യാത്ര. സിഎംഎസ് കോളജിന്റെ ആദ്യ പ്രിൻസിപ്പലും സിഎസ്ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിന്റെ ശിൽപിയുമായിരുന്നു ബെഞ്ചമിൻ ബെയ്‌ലി. സിഎംഎസ് കോളജിൽ നിന്നും സിഎംഎസ് പ്രസിൽ നിന്നുമുള്ള ആശംസാ സന്ദേശങ്ങളുമായിട്ടായിരുന്നു ഇംഗ്ലണ്ടിൽ ബർമിങ്ങാമിനു സമീപം ഷെയ്ന്റണിലുള്ള ദേവാലയത്തിലെത്തിയത്.
1816ലാണ് ബെയ്‌ലി മിഷനറിയായി കേരളത്തിൽ വന്നത്. മലയാള ഭാഷയിൽ അഗാധ പാണ്ഡിത്യം ആർജിച്ച ബെഞ്ചമിൻ ബെയ്‌ലി ബൈബിളിന് മലയാള പരിഭാഷയുണ്ടാക്കൽ ദൗത്യമായി സ്വീകരിച്ചു. അത് അച്ചടിക്കാനായി അദ്ദേഹം സ്ഥാപിച്ച സിഎംഎസ് പ്രസിൽ നിന്നായിരുന്നു ഈ യാത്രയുടെ തുടക്കം.
പള്ളി വികാരിയും റെക്ടറുമായ ഫാ. മാത്യു, ചർച്ച് വാർഡൻ ഡോ. മൈക്കിൾ ഇന്നിസ് എന്നിവരാണ് പള്ളി സന്ദർശിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിത്തന്നത്. ലണ്ടനിൽ നിന്ന് രണ്ടു മണിക്കൂർ ട്രെയിനിൽ യാത്ര ചെയ്ത് ബർമിങ്ങാമിലാണ് ആദ്യമെത്തിയത്. സിഎസ്ഐ സഭയിലെ റവ.സബി മാത്യുവും ഭാര്യ ഷാരോണും അലക്സ് നെടുങ്ങാടപ്പള്ളിയും യാത്രയിൽ ഒപ്പമുണ്ടായിരുന്നു. സിഎംഎസ് കോളജിന്റെയും സിഎംഎസ് പ്രസിന്റെയും ആശംസാസന്ദേശങ്ങൾ സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾസ് ആംഗ്ലിക്കൻ ദേവാലയത്തിന്റെ വികാരി ഫാ. മാത്യുവിന് കൈമാറി. സിഎംഎസ് കോളജിന്റെ ചിത്രവും സമ്മാനിച്ചു.
പതിനെട്ടാം നൂറ്റാണ്ടിൽ കേരള ജനതയെ അറിവിന്റെ അക്ഷരവെളിച്ചത്തിലേക്കു നയിക്കാൻ കോട്ടയത്ത് സിഎംഎസ് സ്കൂൾ സ്ഥാപിക്കുകയും സിഎംഎസ് പ്രസ് സ്ഥാപിക്കുകയും ചെയ്ത ബെഞ്ചമിൻ ബെയ്‌ലിയുടെ കല്ലറയിൽ മുട്ടുകുത്തി ഭക്തിപൂർവം ഞങ്ങൾ പ്രാർഥിച്ചു.