നദീജല ഉപയോഗം കാര്യക്ഷമമാക്കാൻ ആസൂത്രണ ബോർഡ് പഠനം

Mail This Article
തിരുവനന്തപുരം∙ ജലക്ഷാമം പരിഹരിക്കുക, കൃഷിക്ക് കൂടുതൽ ജലസേചന സൗകര്യമൊരുക്കുക, വെള്ളപ്പൊക്ക നിയന്ത്രണം കാര്യക്ഷമമാക്കുക എന്നീ ലക്ഷ്യവുമായി കേരളത്തിലെ നദീജല ഉപയോഗത്തെക്കുറിച്ചും നദീജല പദ്ധതി ധനകാര്യത്തെ കുറിച്ചും സംസ്ഥാന ആസൂത്രണ ബോർഡ് പഠനം തുടങ്ങി. കടലിലേക്ക് ഒഴുകുന്ന നദീജലം സംഭരിച്ച് വേനൽക്കാലത്ത് ഉപയോഗിക്കാനാകുമോ എന്നും പഠിക്കും.
2030ന് അകം 30 ടിഎംസി ജലം ലഭ്യമാക്കാൻ വിശദമായ പദ്ധതി ശുപാർശകളും ഉടൻ തയാറാക്കും. ഡോ.ഇ.ജെ.ജയിംസ് ചെയർമാനായ എട്ടംഗ സമിതിയുടെ നേതൃത്വത്തിലാണ് പഠനം. കൂടുതൽ വിദഗ്ധരെ സമിതിയിൽ ഉൾപ്പെടുത്തും. 27ന് സമിതി യോഗം ചേരും.
സംസ്ഥാനത്തെ ജല വിസ്തൃതി വർധിപ്പിക്കുക, തീർപ്പാക്കാത്ത എല്ലാ വൻകിട–ഇടത്തരം ജലസേചന പദ്ധതികളും പൂർത്തിയാക്കുക, ജലസേചന പദ്ധതികളുടെയും കനാലുകളുടെയും അറ്റകുറ്റപ്പണികളും നവീകരണം തുടങ്ങിയവയ്ക്കാണ് ആസൂത്രണ ബോർഡ് ഊന്നൽ നൽകുന്നത്.നദീജലത്തിന്റെ തീവ്രവും സുസ്ഥിരവുമായ ഉപയോഗത്തിന് പ്രത്യേക ശ്രദ്ധ നൽകി, സുപ്രധാന ഇടപെടലുകളുടെയും വിശദമായ പദ്ധതി ചെലവിന്റെ എസ്റ്റിമേറ്റും മുൻഗണനാക്രമവും ഇതിനായി തയാറാക്കും.
ജലസേചനം 25% മാത്രം
സംസ്ഥാനത്ത് ആകെ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ 25% സ്ഥലത്തു മാത്രമാണ് ജലസേചനം ലഭിക്കുന്നതെന്നാണ് ആസൂത്രണ ബോർഡ് റിപ്പോർട്ട്. കുറഞ്ഞ അളവിലുള്ള ജലസേചനം, കുറഞ്ഞ ഉൽപാദന ക്ഷമതയിലേക്ക് നയിക്കുകയും, മെച്ചപ്പെട്ട വിള തീവ്രത തടയുകയും ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മഴയുമായി ബന്ധപ്പെട്ട കാലാവസ്ഥ തീവ്രതയുള്ള കാലഘട്ടങ്ങളിൽ, കേരളത്തിലെ നദികൾ വിവിധ ജില്ലകളിലെ വെള്ളപ്പൊക്കത്തിന് കാരണമാകുകയും, ജീവനും സ്വത്തിനും നഷ്ടമുണ്ടാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.