ഈ നൂറ്റാണ്ട് ഭാരതത്തിന്റേത്: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

Mail This Article
തിരുവനന്തപുരം∙ ഐഎസ്ആർഒയിൽ ഉൾപ്പെടെ പ്രവർത്തിച്ചു രാജ്യത്തിന്റെ മുന്നേറ്റത്തിന്റെ ഭാഗമാകാൻ വിദ്യാർഥികൾക്കു കഴിയുന്നുവെന്നത് അഭിമാനകരമാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഈ നൂറ്റാണ്ട് ഭാരതത്തിന്റേതാണ്. കുതിച്ചുയരുന്ന ഭാരതത്തെ നയിക്കുന്നതു യുവാക്കളാണ്. 2047നു മുൻപു നമ്മൾ വികസിത ഭാരതമാകുമെന്നു വിശ്വസിക്കുന്നതായും ഉപരാഷ്ട്രപതി പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ 12ാം ബിരുദസമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
‘ലിഥിയം, സോഡിയം തുടങ്ങിയ മൂലകങ്ങളുടെ സാധ്യതകളിലാണ് ഇന്നു ലോകത്തിന്റെ ശ്രദ്ധ. ഹൈഡ്രജൻ ഇന്ധനമാക്കി ഹരിത ഊർജ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇന്ത്യ കർമ പദ്ധതി ആരംഭിച്ചു. നിർമിതബുദ്ധി, മെഷീൻ ലേണിങ്, ബ്ലോക്ക് ചെയിൻ മാനേജ്മെന്റ് ഉൾപ്പെടെയുള്ള വിഷയങ്ങളുടെ സാധ്യത അറിയുകയും പഠിക്കുകയും ചെയ്യേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിവേഗം രൂപാന്തരം പ്രാപിക്കുന്ന ശാഖയെന്ന രീതിയിൽ സ്പേസ് ടെക്‌നോളജിയിലെ മാറ്റങ്ങൾ ഉൾക്കൊള്ളാനും വിദ്യാർഥി സമൂഹത്തിനു ബാധ്യതയുണ്ട്–’ ഉപരാഷ്ട്രപതി പറഞ്ഞു.
ഉപരാഷ്ട്രപതിയും പത്നി ഡോ.സുധേഷ് ധൻകറും മികച്ച പ്രകടനം നടത്തിയ വിദ്യാർഥികൾക്കു സർട്ടിഫിക്കറ്റും മെഡലും കാഷ് അവാർഡും സമ്മാനിച്ചു. ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്, ഐഐഎസ്ടി ചാൻസലർ ഡോ.ബി.എൻ.സുരേഷ്, ഡയറക്ടർ ഡോ.എസ്.ഉണ്ണിക്കൃഷ്ണൻ നായർ, എൽപിഎസ്‌സി ഡയറക്ടർ ഡോ.വി.നാരായണൻ, റജിസ്ട്രാർ പ്രഫ.കുരുവിള ജോസഫ് എന്നിവർ പ്രസംഗിച്ചു. ഐഐഎസ്ടി ക്യാംപസിലെത്തിയ ഉപരാഷ്ട്രപതിയും പത്നിയും ചേർന്നു വൃക്ഷത്തൈകൾ നട്ടു.