കെഎസ്‌യു നിയമസഭാ മാർച്ചിൽ കല്ലേറ്, ലാത്തിച്ചാർജ്
Mail This Article
തിരുവനന്തപുരം ∙ വിദ്യാർഥികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന സർക്കാർ നിലപാടിലും എസ്എഫ്ഐയുടെ ആക്രമണങ്ങളിലും പ്രതിഷേധിച്ചു കെഎസ്‌യു നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനും കെഎസ്‌യുക്കാരുടെ കല്ലേറിൽ സിവിൽ പൊലീസ് ഓഫിസർ ആദർശിനും പരുക്കേറ്റു. കഴുത്തിനു സാരമായി പരുക്കേറ്റ അലോഷ്യസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
-
Also Read
എൻസിപിയിലെ കരാറും പതിനെട്ടര എംപിമാരും
ഉച്ചയോടെ പാളയത്തു നിന്ന് ആരംഭിച്ച മാർച്ച് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിന് സമീപം റോഡിൽ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. പൊലീസിനു നേരെ സമരക്കാർ കൊടികെട്ടിയ കമ്പുകളും കല്ലുകളും വലിച്ചെറിഞ്ഞതോടെ നാലു തവണ ജലപീരങ്കി പ്രയോഗിച്ചു. ചിതറിയോടിയ പ്രവർത്തകർ വീണ്ടും സംഘടിച്ച് എത്തി കമ്പുകളും കല്ലുകളും പൊലീസിനു നേരെ എറിഞ്ഞു. ഇതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു.
പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുക, ഇ-ഗ്രാന്റ് വിതരണം കൃത്യമാക്കുക, സ്‌കോളർഷിപ്പുകൾ പുനഃസ്ഥാപിക്കുക, ബസ് കൺസഷനിൽ കൃത്യമായ ഇടപെടൽ നടത്തുക, നാലുവർഷ ഡിഗ്രി കോഴ്സിലെ പിഴവുകൾ പരിഹരിക്കുക, സർക്കാർ കോളജുകളിൽ സ്ഥിരം പ്രിൻസിപ്പലിനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു അവകാശ പത്രിക മാർച്ച്. സമരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. എതിരാളികളെ ഇല്ലാതാക്കാൻ ഇരുണ്ട മുറികൾ നടത്തുന്ന എസ്എഫ്ഐക്കു സംസ്ഥാന സർക്കാർ കുടപിടിച്ചു കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.