ADVERTISEMENT

തിരുവനന്തപുരം∙ സർക്കാർ പ്രഖ്യാപിച്ച കുടിശിക നിവാരണ പരിപാടി ക്ഷേമ പെൻഷൻകാർക്ക് ആശ്വാസമാകുമെങ്കിലും സർക്കാർ ജീവനക്കാർക്കു കാര്യമായ നേട്ടമില്ല. വർഷം 2 ഗഡു വീതം ക്ഷാമബത്ത (ഡിഎ) കുടിശിക നൽകുമെന്നാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ജനുവരിയിലും ജൂലൈയിലുമായി വർഷം 2 ഗഡു ഡിഎ ആണു കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നത്. ഇതനുസരിച്ച് സംസ്ഥാന സർക്കാരും 2 ഗഡു പ്രഖ്യാപിക്കുകയാണു വേണ്ടത്. ഓരോ വർഷവും 2 ഗഡു ക്ഷാമബത്ത നൽകേണ്ട സർക്കാർ, പണമില്ലാത്തതിനാൽ അതു കുടിശികയാക്കി വയ്ക്കുന്നതാണ് കുറെക്കാലമായുള്ള രീതി.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച് വർഷം 2 ഗഡു വീതം നൽകിയാലും ആകെ കുടിശികയുള്ള ഗഡുക്കളുടെ എണ്ണം അങ്ങനെ തന്നെ തുടരും. ഇതു സംബന്ധിച്ചു വിശദമായ ഉത്തരവിറക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതിനാൽ കുടിശികയ്ക്കൊപ്പം അതതു വർഷങ്ങളിലെ ഡിഎ കൂടി കിട്ടിയേക്കുമെന്ന പ്രതീക്ഷ സർക്കാർ ജീവനക്കാർ‌ക്കുണ്ട്. 

2021 ജനുവരി ഒന്നിലെ ഒരു ഗഡു ഡിഎ 2024 ഏപ്രിലിൽ ജീവനക്കാർക്കു നൽകിയിരുന്നു. എന്നാൽ, ഇൗ ഗഡുവിന്റെ 2021 ജനുവരി മുതൽ 2024 മാർച്ച് വരെയുള്ള 39 മാസത്തെ കുടിശിക അനുവദിച്ചില്ല. ഇതെക്കുറിച്ചു മിണ്ടിയുമില്ല. 2021 ജൂലൈ മുതൽ 2024 ജനുവരി വരെ 19 ശതമാനമാണ് സംസ്ഥാന സർക്കാർ ജീവനക്കാർക്കു നൽകാൻ ബാക്കിയുള്ളത്. ഇൗ വർഷം ഒരു ഗഡു അനുവദിച്ചതിനാൽ ഇനി ഒരു ഗഡു കൂടി മാർച്ച് 31നു മുൻപു നൽകിയേക്കും. ഇൗ സർക്കാരിന്റെ കാലയളവിൽ പിന്നെ 3 ഗഡുക്കളാണു നൽകാനാകുക. ബാക്കി കുടിശിക അടുത്ത സർക്കാരിന്റെ തലയിലാകും.

കുടിശികയുടെ ആദ്യ 2 ഗഡുക്കൾ നീട്ടിവച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, മൂന്നാം ഗഡു നീട്ടിവച്ച് ഉത്തരവു പോലും ഇറക്കിയിട്ടില്ല. കഴിഞ്ഞ ഏപ്രിൽ ഒന്നിനു മുൻപായിരുന്നു ഉത്തരവിറക്കേണ്ടിയിരുന്നത്. 2021 മേയ് വരെ വിരമിച്ചവർക്ക് കുടിശിക മുഴുവനും നൽകിയെങ്കിലും അതിനു ശേഷം വിരമിച്ചവർക്ക് ഒരു രൂപ പോലും ലഭിച്ചിട്ടില്ല.

ജലഅതോറിറ്റി കരാറുകാർക്ക് 4,000 കോടി, പൊതുമരാമത്ത് കരാറുകാർക്ക് 8 മാസത്തെ 2,000 കോടി, തദ്ദേശസ്ഥാപന കരാറുകാർക്ക് 1,000 കോടി, സപ്ലൈകോയ്ക്ക് 2,000 കോടി, നെല്ലു സംഭരിച്ചതിന്റെ വിലയായി കർഷകർക്ക് 320 കോടി, ഉച്ചഭക്ഷണത്തിനായി സാധനങ്ങൾ നൽകിയ ഇനത്തിൽ സപ്ലൈകോയ്ക്കു വിദ്യാഭ്യാസ വകുപ്പു നൽകാനുള്ള 150 കോടി തുടങ്ങിയ കുടിശികകളും സർക്കാർ നൽകാനുണ്ട്.

ക്രമപ്രശ്നം ഉന്നയിച്ച് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം ∙ നിയമസഭയിൽ മുഖ്യമന്ത്രിയുടെ കുടിശിക നിവാരണ പ്രഖ്യാപനത്തെ  പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എതിർത്തു. ചട്ടം 300 പ്രകാരം നടത്തേണ്ട പ്രസ്താവന, മുഖ്യമന്ത്രി രാഷ്ട്രീയ ആരോപണങ്ങൾക്ക് ഉപയോഗിച്ചെന്നു സതീശൻ ക്രമപ്രശ്നം ഉന്നയിച്ചു. പരിധിവിട്ട് കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയും രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തെന്നു സതീശൻ പറഞ്ഞു.

എന്നാൽ, ചട്ടം 300 പ്രകാരമുള്ള പ്രസ്താവനയ്ക്കുമേൽ ചർച്ച അനുവദിക്കാൻ പാടില്ലെന്നും പ്രതിപക്ഷനേതാവ് സ്പീക്കറെ സമ്മർദത്തിലാക്കുകയാണെന്നും മന്ത്രി എം.ബി.രാജേഷ് കുറ്റപ്പെടുത്തി.

English Summary:

Government employees will not benefit much by the arrears relief program announced by government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com