‘ജനകീയ പ്രശ്നങ്ങൾ മറന്നു; മേളകളുടെ പിന്നാലെ പോയി’: സിപിഐ കേന്ദ്ര നേതൃത്വം
Mail This Article
ന്യൂഡൽഹി ∙ കേരളീയവും ടൂറിസം പ്രമോഷനും പോലുള്ള മേളകൾക്കു പിന്നാലെ പോയ കേരളത്തിലെ എൽഡിഎഫ് സർക്കാർ ജനകീയ പ്രശ്നങ്ങൾ മറന്നുവെന്ന് സിപിഐ ദേശീയ കൗൺസിൽ യോഗത്തിൽ വിമർശനം. ഇന്നലെ കേരളത്തിലെ വിഷയങ്ങൾ ചർച്ചയ്ക്കെടുത്തപ്പോഴാണ് സിപിഐ കൂടി ഭാഗമായ പിണറായി സർക്കാരിനെതിരെ നേ താക്കളുടെ വിമർശനം ഉയർന്നത്.
മേളകളും മറ്റും നടത്തുന്നതു നല്ലതാണെങ്കിലും സപ്ലൈകോ സ്റ്റോറുകൾ പൂട്ടിക്കിടക്കുന്ന അവസ്ഥയിലും മേളകൾക്കു പിന്നാലെ പോകുന്നത് ഇടതു സർക്കാരിനു ചേർന്നതല്ലെന്നായിരുന്നു പ്രധാന വിമർശനം. ജനങ്ങൾക്കു ഭക്ഷണം ഉറപ്പാക്കുന്നതിനാണോ മേള നടത്തുന്നതിനാണോ മുൻഗണന നൽകേണ്ടതെന്ന കാര്യം മറന്നതു സർക്കാരിന്റെ പ്രതിഛായയെ ബാധിച്ചു.
പിണറായി സർക്കാരിന്റെ ജനകീയ അടിത്തറ മെച്ചപ്പെടുത്താൻ നടത്തിയ നവകേരള സദസ്സും വേണ്ടത്ര ഫലം നൽകിയില്ല. ഭരണപരമായ പ്രവർത്തനം മാത്രമായി അതു ചുരുങ്ങി, രാഷ്ട്രീയ പരിപാടിയാക്കി മാറ്റാൻ കഴിഞ്ഞില്ല. നവകേരള സദസ്സ് നടത്തിയതു കൊണ്ടാണ് ഇത്രയെങ്കിലും വോട്ട് കിട്ടിയതെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിരീക്ഷണത്തിനും യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ നേരിട്ടുള്ള വിമർശനമുണ്ടായില്ല.